തിരൂർ : ഞായറാഴ്ച അന്തരിച്ച കെ.വി. റാബിയയ്ക്കായി ജെസിഐയുടെ ഔട്ട് സ്റ്റാൻഡിങ് യങ് പേഴ്‌സൺ അവാർഡ് വാങ്ങിയതിന്റെ ഓർമ്മയിലാണ് ജെസിഐ ഇന്ത്യ മുൻ മേഖലാ പ്രസിഡന്റ് തിരൂരിലെ അഡ്വ. വിക്രമകുമാർ മുല്ലശ്ശേരി. റാബിയയ്ക്കുലഭിച്ച അംഗീകാരങ്ങളും കത്തുകളുമെല്ലാം സമാഹരിക്കുകയും ഈ പുരസ്കാരത്തിനു സമർപ്പിക്കേണ്ടതെല്ലാം ശരിയാക്കി നൽകുകയുംചെയ്തത് വിക്രമകുമാറായിരുന്നു. 2000 ഒക്ടോബറിൽ ഈ പുരസ്കാരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയും തെക്കേ ഇന്ത്യയിലെ ആദ്യ വ്യക്തിയുമായി റാബിയ.
ജപ്പാനിലെ സപ്പോറാവിൽ നടന്ന ജെസിഐ വേൾഡ് കോൺഗ്രസിൽ അവാർഡ് വാങ്ങുവാൻ നേരിൽ ചെല്ലാനായിരുന്നു ക്ഷണമെങ്കിലും അർബുദബാധിതയായതിനാൽ റാബിയയ്ക്ക് അതിനുപോകാനായില്ല. തുടർന്ന് ജെസിഐ ഇന്ത്യയുടെ പ്രതിനിധികൾ അവർക്കുവേണ്ടി ജപ്പാനിൽ അവാർഡ് ഏറ്റുവാങ്ങി. 2000 ഡിസംബറിൽ പുതുച്ചേരിയിൽ നടന്ന ദേശീയ സമ്മേളനത്തിൽ ആ അവാർഡ് റാബിയയ്ക്കായി വിക്രമകുമാർ ഏറ്റുവാങ്ങുകയായിരുന്നു. പിന്നീടത് അവർക്ക് കൈമാറി.
പ്രിയ സുഹൃത്തും സഹപാഠിയുമായ സീനത്ത് റഷീദ് റാബിയയുടെ പ്രവർത്തനങ്ങൾ തുടർന്നുകൊണ്ടുപോകുന്നതിനായി ഒരു ട്രസ്റ്റ് രൂപവത്കരിക്കേണ്ട ആവശ്യം പറഞ്ഞു. അതനുസരിച്ച് താനും സഹ അഭിഭാഷകരായ പരപ്പനങ്ങാടിയിലെ മുസ്തഫയും മലപ്പുറത്തെ സഫറുള്ളയും ചേർന്ന് ട്രസ്റ്റിനായുള്ള രേഖകൾ തയ്യാറാക്കവെയാണ് അവരുടെ മരണം -വിക്രമകുമാർ പറഞ്ഞു.