പൊന്നാനി : ചമ്രവട്ടം ജങ്ഷനിൽനിന്ന് പുഴമ്പ്രത്തേക്ക് മാറ്റിസ്ഥാപിച്ച ബെവ്‌കോ ഔട്ട്‌ലെറ്റിനെതിരേ പ്രതിഷേധം ശക്തമാക്കി സംഘടനകൾ.ജനകീയ സമരസമിതിയുടെ പേരിലായിരുന്നു ഇതുവരെ സമരം നടന്നതെങ്കിൽ ഞായറാഴ്ച സിപിഎമ്മും മുസ്‌ലിംലീഗും ചേരിതിരിഞ്ഞാണ് സമരവുമായി രംഗത്തെത്തിയത്. ഇരുപാർട്ടിക്കാരെയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.സംസ്ഥാന സർക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും അറിവോടെ മാറ്റിസ്ഥാപിച്ച ഔട്ട്‌ലെറ്റിനെതിരേയുള്ള സിപിഎം സമരം പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണെന്നാണ് മുസ്‌ലിംലീഗ് ആരോപണം.
കോൺഗ്രസുകാരനായ കെട്ടിട ഉടമയും ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഢാലോചനയാണ് ഔട്ട്‌ലെറ്റ് മാറ്റുന്നതിനുപിന്നിലെന്ന വാദമാണ് സിപിഎം മുന്നോട്ടുവെച്ചത്. ഇരുപാർട്ടികളുടെയും പ്രവർത്തകർ ഒരേസമയമാണ് മദ്യവിൽപ്പനശാലയ്ക്കുമുന്നിൽ കുത്തിയിരുന്ന് സമരം നടത്തിയത്.ഔട്ട്‌ലെറ്റ് തിങ്കളാഴ്ച അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം സമരരീതിയിൽ മാറ്റം വരുത്തുമെന്നും സിപിഎം അന്ത്യശാസനം നൽകിയിട്ടുണ്ട്. ഞായറാഴ്ചത്തെ സിപിഎമ്മിന്റെ സമരത്തിൽ സ്ത്രീകളും കുട്ടികളുമടക്കം ഒട്ടേറെ പേർ പങ്കെടുത്തു. സിപിഎമ്മിന്റെ ഉപരോധസമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. പി.കെ. ഖലീമുദ്ദീൻ ഉദ്ഘാടനം ചെയ്തു.സി.പി. മുഹമ്മദ് കുഞ്ഞി, എ. അബ്ദുറഹിമാൻ, ഇന്ദിര എന്നിവർ പ്രസംഗിച്ചു.രജീഷ് ഊപ്പാല, എ. അബ്ദുൽ സലാം, കെ.പി. സുകേഷ്, ജമാൽ മഞ്ചേരി, കെ.വി. സനോജ് എന്നിവരുടെ പേരിൽ പോലീസ് കേസെടുത്തു.
ബെവ്‌കോ ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഈഴുവത്തിരുത്തി മേഖല മുസ്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്യശാലയ്ക്ക് മുന്നിൽ നടത്തിയ ഉപരോധസമരം മുസ്‌ലിംലീഗ് പൊന്നാനി നിയോജകമണ്ഡലം ഖജാൻജി വി.വി. ഹമീദ് ഉദ്ഘാടനം ചെയ്തു.സമരത്തിന് നേതൃത്വം നൽകിയ വി.വി. ഹമീദ്, ഫർഹാൻ ബിയ്യം, കുഞ്ഞിമുഹമ്മദ് കടവനാട്, എം.പി. നിസാർ, ഷെബീർ ബിയ്യം, യു.കെ. അമാനുള്ള, ഫൈസൽ കടവനാട് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യശാലയ്ക്ക് അനുമതി നൽകരുത്
പൊന്നാനി : ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായ നിലവിലെ മദ്യനയം തിരുത്തണമെന്നും ആരാധനാലയങ്ങൾ, പാഠശാലകൾ തുടങ്ങിയവകൾക്ക് സമീപം പുഴമ്പ്രം ജനവാസകേന്ദ്രത്തിൽ ആരംഭിച്ച മദ്യശാലയ്ക്ക് അനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറത്തിന് നിവേദനം നൽകി.മുൻ എംപി സി. ഹരിദാസ്, സിദ്ധീഖ് മൗലവി അയിലക്കാട്, പി. കോയക്കുട്ടി, രാജൻ തലക്കാട്, യൂസുഫ് ഷാജി വെളിയങ്കോട് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി എന്നിവർക്കും ഇ-മെയിൽ വഴി നിവേദനം അയച്ചതായി ഭാരവാഹികൾ അറിയിച്ചു.