ചരിത്രത്തിലാദ്യമായി ഒരു രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുന്നു. ഇടവമാസ പൂജയ്ക്കായി ശബരിമല തുറന്നശേഷം രാഷ്ട്രപതി ദ്രൗപദി മുര്‍മു എത്തുമെന്നാണ് വിവരം. ഇതുസംബന്ധിച്ച അറിയിപ്പ് രാഷ്ട്രപതി ഭവനില്‍ നിന്ന് നേരത്തെ തന്നെ പൊലീസിനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും ലഭിച്ചിരുന്നു.മെയ് 18 നാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തുകയെന്നാണ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിരിക്കുന്ന വിവരം. 19ന് ശബരി മലയില്‍ ദര്‍ശനം നടത്തും. കുമരകത്താണ് രാഷ്ട്രപതി രണ്ടു ദിവസം താമസിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.
രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കുന്നത്. ഇതിന്റെ ഭാഗമായി ഭക്തരുടെ വരവിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും. വെര്‍ച്ചല്‍ ക്യൂ ബുക്കിങ് ഉള്‍പ്പെടെ പരിമിതപ്പെടുത്തും. ഇതുസംബന്ധിച്ച വ്യക്തത വരാനിരിക്കുന്നതേയുള്ളൂ. സന്ദര്‍ശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് രണ്ട് ദിവസത്തിനുള്ളില്‍ ഉണ്ടാവും. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമലയില്‍ ദര്‍ശനം നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ഈ മാസം 14 ആണ് ഇടവമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് റോഡിന്റെ അറ്റകുറ്റപ്പണി ഉള്‍പ്പെടെയുള്ള ജോലികള്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്.
ശബരിമല ദര്‍ശനം കൂടാതെ കോട്ടയം പാലാ സെന്റ് തോമസ് കോളജിലെ ജൂബിലി സമ്മേളനത്തിലും രാഷ്ട്രപതി പങ്കെടുക്കും. ഈ പരിപാടി 18 നാണ് നടക്കുന്നത്. തുടര്‍ന്ന് പമ്ബയിലെത്തി ശബരിമലയിലേക്കു പോകുമെന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. ഹെലികോപ്റ്ററില്‍ നിലയ്ക്കല്‍ വരെ എത്തിയ ശേഷം പമ്ബയില്‍ നിന്ന് നടന്ന് സന്നിധാനത്തേക്ക് എത്തുന്ന തരത്തിലാവും ദര്‍ശനം ക്രമീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.