പുറത്തൂർ : ബീച്ചുകളുടെ നിലവാരം അന്താരാഷ്ട്രപദവിയിലേക്കുയർത്തുന്ന ബ്ലൂഫ്ലാഗ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കൂട്ടായി ബീച്ച് ഉന്നതതലസംഘം സന്ദർശിച്ചു.ജില്ലാ വികസന കമ്മിഷണറും പെരിന്തൽമണ്ണ സബ് കളക്ടറുമായ അപൂർവ ത്രിപാഠിയുടെ നേതൃത്വത്തിലാണ് വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ സന്ദർശിച്ചത്. ഇന്ത്യയിൽ 11 ബീച്ചുകൾക്കാണ് ഇതുവരെ ബ്ലൂഫ്ലാഗ് പദവി ലഭിച്ചത്. കേരളത്തിൽ കാപ്പാട് ബീച്ചിന് മാത്രമാണ് ഈ പദവിയുള്ളത്. എംപിമാരുടെ ഒരു ഗ്രാമം ദത്തെടുക്കൽ പരിപാടിയായ സാഗി പദ്ധതിയുടെ ഭാഗമായി മംഗലം പഞ്ചായത്ത് സമർപ്പിച്ച അപേക്ഷ പരിഗണിച്ചാണ് കൂട്ടായി ബീച്ചിനെ ബ്ലൂ ഫ്ലാഗ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. പദ്ധതി നടപ്പാൽ ആഭ്യന്തര ടൂറിസ്റ്റുകളോടൊപ്പം വിദേശികളെയും ബീച്ചിലേക്ക് ആകർഷിക്കും.ബീച്ചിലെ അടിസ്ഥാന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തും.

കൂടുതൽ സൗന്ദര്യവത്കരണപരിപാടികളും ഇവിടെ നടപ്പാക്കും. ഒരു വർഷം മുൻപ് മംഗലം പഞ്ചായത്ത് കൂട്ടായി കാശ്മീർ ബീച്ചിൽ നടപ്പാക്കിയ ടൂറിസം പദ്ധതിയുടെ തുടർച്ചയായാണ് ബീച്ച് ടൂറിസത്തിന്റെ പദ്ധതി സമർപ്പിച്ചത്.കാശ്മീർ ബീച്ചിൽ തന്നെയാണ് ബ്ലൂഫ്ലാഗ് പദ്ധതിയുടെ ആദ്യഘട്ട വികസനം നടപ്പാക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി ജലപരിശോധന അടുത്തയാഴ്ച നടക്കും. മംഗലം പഞ്ചായത്ത് പ്രസിഡൻ‌റ് സി.പി. കുഞ്ഞുട്ടി, ഡിടിപിസി സെക്രട്ടറി വിപിൻ, ജില്ലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ആഷിക്, ജില്ലാ ശുചിത്വ മിഷൻ കോഡിനേറ്റർ ആതിര, മംഗലം പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി അനീഷ്, ജനപ്രതിനിധികളായ ടി.പി. ഇബ്രാഹിംകുട്ടി, പി. ഷബീബ്, ഇസ്മായിൽ പട്ടത്ത്, ശിഹാബ് കൂട്ടായി എന്നിവരും കളക്ടറോടൊപ്പം സ്ഥലം സന്ദർശിച്ചു.ഉന്നതസംഘം സ്ഥലം സന്ദർശിച്ചു.കാപ്പാട് ബീച്ചിന് മാത്രമാണ് ഈ പദവിയുള്ളത്.

എന്താണ് ബ്ലൂഫ്ലാഗ് പദവി:പരിസ്ഥിതിസൗഹൃദ മുദ്രാവാക്യമുയർത്തി ബീച്ചുകളുടെ നിലവാരം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുകയാണ് ബ്ലൂഫ്ലാഗ് പദവിയുടെ പ്രഥമ ലക്ഷ്യം.അടിസ്ഥാനസൗകര്യങ്ങൾ, കുടിവെള്ളത്തിന്റെ ഗുണനിലവാരം, സുരക്ഷയും മറ്റു സേവനങ്ങളും, ബീച്ചിന്റെ സ്ഥിരമായ ശുചീകരണസംവിധാനം, സൗന്ദര്യവത്കരണം, സഞ്ചാരികളെ ആകർഷിക്കുന്ന മറ്റു പദ്ധതികൾ ഇതെല്ലാം ബ്ലൂഫ്ലാഗിൽ ഉൾപ്പെടുന്നുണ്ട്. ചുരുങ്ങിയത് 30 മാനദണ്ഡങ്ങളെങ്കിലും പൂർത്തീകരിച്ചാലേ ബ്ലൂഫ്ലാഗ് പദവിയിലെത്താൻ കഴിയൂ.

Related Post

Leave a Reply

Your email address will not be published. Required fields are marked *