Breaking
Wed. Aug 5th, 2026

അമൃത് പദ്ധതിയിൽ പൈപ്പിടൽ തുടങ്ങി

പൊന്നാനി: ഉദ്ഘാടനം രാഷ്ട്രീയ വിവാദത്തിൽ ഒതുങ്ങിപ്പോയെങ്കിലും ‘അമൃത് 2.0’ ശുദ്ധജല പദ്ധതിയുടെ നിർമാണം തുടങ്ങി. നഗരസഭയിലെ മുഴുവൻ വീടുകളിലേക്കും സൗജന്യമായി ശുദ്ധജല കണക്‌ഷൻ ലഭ്യമാക്കുന്ന പദ്ധതിക്കാണ് പൈപ്പ് സ്ഥാപിക്കാൻ തുടങ്ങിയത്. നഗരസഭയിലെ 44–ാം വാർഡിലാണ് പൈപ്പ് ഇടുന്നത്. കടവനാട് മേഖലയിലും തീരദേശ മേഖലയിലുമായി 13 വാർഡുകളിലെ മുഴുവൻ വീടുകളിലേക്കും ആദ്യഘട്ടത്തിൽ സൗജന്യ കണക്‌ഷൻ എത്തിക്കും.

ഓരോ കുടുംബത്തിനും ദിവസം 15,000 ലീറ്റർ ശുദ്ധജലം സൗജന്യമായി എത്തിക്കുന്ന പദ്ധതിയാണിത്. 22 കോടി രൂപയാണ് ചെലവഴിക്കുന്നത്. 5000 വീടുകളിൽ ആദ്യഘട്ടത്തിൽ കണക്‌ഷൻ ലഭിക്കും. രണ്ടാം ഘട്ടത്തിനായുള്ള ഡിപിആർ നഗരസഭ തയാറാക്കി കഴിഞ്ഞു.50% കേന്ദ്രവിഹിതവും 35% സംസ്ഥാന വിഹിതവും 15% നഗരസഭാ വിഹിതവും ഉൾപ്പെടുന്ന പദ്ധതിയാണിത്. 34 കിലോമീറ്റർ ദൂരത്തിൽ നഗരസഭയിൽ പൈപ്പ് സ്ഥാപിക്കണം.

അമൃത് പദ്ധതിക്കു പുറമേ ജലജീവൻ പദ്ധതി കൂടി യാഥാർഥ്യമാകുന്നതോടെ തീരദേശത്തെ ശുദ്ധജല ക്ഷാമത്തിന് പൂർണ പരിഹാരമാകും. അമൃത് പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം പി.നന്ദകുമാർ എംഎൽഎ നിർവഹിക്കുമെന്ന് നഗരസഭാധ്യക്ഷൻ അറിയിച്ചിരുന്നതാണ്. എന്നാൽ, കേന്ദ്ര പദ്ധതി എംപിയെ അറിയിക്കാതെ ഉദ്ഘാടനം ചെയ്യുന്നത് രാഷ്ട്രീയക്കളിയാണെന്ന് ആരോപിച്ച് നഗരസഭയിലെ പ്രതിപക്ഷ അംഗങ്ങൾ രംഗത്തു വന്നിരുന്നു.

വകുപ്പ് മന്ത്രിയുടെ ഓഫിസിൽ നിന്നും ഇടപെടലുകളുണ്ടായെന്നാണ് വിവരം. വിവാദങ്ങൾ ഉയർന്നതോടെ നഗരസഭയിലെ ഉദ്ഘാടനം മാറ്റിവയ്ക്കുകയായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *