പൊന്നാനി : മഹാത്മാഗാന്ധി ഉൾപ്പെടയുള്ള സ്വാതന്ത്ര്യസമരനായകരെ പൊന്നാനി നഗരസഭ അപമാനിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.
നവകേരളാ സദസ്സിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോടതിപ്പടി റോഡ് നവീകരിക്കുന്നതിന്റെ അവശിഷ്‌ടങ്ങൾ സ്വാതന്ത്ര്യസമരസേനാനി കെ.വി. നൂറുദ്ദീന്റെ സ്‌മാരകത്തിനുമുന്നിൽ കൂട്ടിയിട്ടു, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പൊന്നാനി നഗരസഭാ ഓഫീസിനുമുന്നിൽ നഗരസഭ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ ചിത്രത്തിനുമുന്നിലും മാലിന്യം നിക്ഷേപിച്ചു, എന്നിവ ചൂണ്ടിക്കാട്ടിയാണ് ഉപരോധം നടത്തിയത്.
മാലിന്യം നീക്കംചെയ്‌തു പരിസരംവൃത്തിയാക്കുന്നതിനു അടിയന്തരനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് പരാതിനൽകിയാണ് ഉപരോധം അവസാനിപ്പിച്ചത്. വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാകുമെന്ന് സെക്രട്ടറി ഉറപ്പുനൽകിയതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഉപരോധസമരത്തിന് കോൺഗ്രസ് പൊന്നാനി മണ്ഡലം പ്രസിഡൻറ് കെ. ജയപ്രകാശ്, ബ്ലോക്ക് വൈസ് പ്രസിഡൻറ് എ. പവിത്രകുമാർ, എം. അബ്ദുൽലത്തീഫ്, സക്കീർ അഴീക്കൽ, പി. ജലീൽ, ടി. രാജകുമാർ, മനാഫ് കാവി, വസുന്ദരൻ, കേശവൻ, സിദ്ദീഖ് എന്നിവർ നേതൃത്വം നൽകി.