കുറ്റിപ്പുറം : നഗരത്തിൽ തിരൂർ റോഡിൽ റെയിൽവെ മേൽപ്പാതയുടെ അടിഭാഗം മുതൽ മുന്നോട്ട് കുഴികൾ താണ്ടി ആടിയുലഞ്ഞുള്ള യാത്ര ജനങ്ങൾക്കും ഭീഷണി. ആറുവരിപ്പാത നിർമാണത്തിനുള്ള പ്രവർത്തനങ്ങൾക്കിടെയാണ് റോഡ് തകർന്നതെന്നു പരാതിയുണ്ട്. തകർന്ന റോഡിലൂടെയാണ് ടെക്നിക്കൽ ഹൈസ്കൂളിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിക്കുന്നത്. കാൽനടയാത്രയും ദുരിതപൂർണമാണ്. വാഹനങ്ങൾ കുഴികളിൽ കയറിയിറങ്ങുമ്പോൾ ചെളി വെള്ളം വസ്ത്രത്തിലേക്കു തെറിക്കുന്നതും പതിവുകാഴ്ച. തിരൂർ, തിരുനാവായ, പുത്തന ത്താണി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ കടന്നു പോകുന്ന വഴിയാണിത്. വളാഞ്ചേരി റോഡിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് ഓടുന്നത്.