കുറ്റിപ്പുറം : നാടെങ്ങും ഓണാഘോഷത്തിമർപ്പിലായതോടെ ഓണസദ്യയും സദ്യ വിഭവങ്ങളു മായി ഹോട്ടൽ, കാറ്ററിങ് മേഖലകളും സജീവം. അത്തം മുതൽ തിരുവോണം വരെയാണ് ഓണസദ്യയുടെ പ്രധാന വില്പന. ഇത്തവണ പതിവിൽക്കൂടുതൽ സ്ഥാപനങ്ങളും സംഘടനകളും ഓണാഘോഷം കെങ്കേമം ആക്കുന്നതിനാൽ ഓണസദ്യ വിപണിയിലും വലിയ തിരക്കാണ്.150 രൂപ മുതലാണ് ഓണസദ്യകൾ ആരംഭിക്കുന്നത്. വിഭവങ്ങളുടെ എണ്ണം അനുസരിച്ച് 450 മുതൽ 500 വരെയാകും. നാലുപേർക്ക്, അഞ്ച് പേർക്ക് എന്നിങ്ങനെ ഫാമിലി ഓണസദ്യ കിറ്റുകളാണ് തിരുവോണത്തിന് ഹോട്ടലുകാരും കാറ്ററിങ്ങുകാരും ഒരുക്കുന്നത്.
വിഭവങ്ങൾക്ക് അനുസരിച്ച് 1400 രൂപ മുതൽ 4000 രൂപ വരെ ഓണസദ്യ കിറ്റുകൾ ഇത്തവണയുണ്ട്. വിവിധ തരം പായസങ്ങൾ, ശർക്കരവരട്ടി, നേന്ത്രക്കായ നാല് വറവ്, അച്ചാറുകൾ, കാളൻ, പുളിയിഞ്ചി എന്നിവ തൂക്കത്തിനും ലിറ്ററിനും വിൽപ്പന നടത്തുന്നവരും വിപണിയിലുണ്ട്. പായസങ്ങൾക്ക് ലിറ്ററിന് 200 രൂപ മുതലാണ് വില ആരംഭിക്കുന്നത്. വിവിധ കമ്മിറ്റികളും സംഘടനകളും തിരുവോണത്തിന് വിവിധ പായസ വിൽപ്പനയുമായി രംഗത്തുണ്ട്. നാളികേര ത്തിന് വിലയേറിയതിനാൽ പരിപ്പു പായസത്തിനും വെളിച്ചെണ്ണയ്ക്കു വിലയേറിയതിനാൽ ശർക്കരവരട്ടി, നാല് വറവ് എന്നിവയ്ക്കും ഇത്തവണ കാര്യമായ വില വർധന ഉണ്ടായിട്ടുണ്ട്.

