എടപ്പാൾ : കോൾപ്പാടത്ത് സർക്കാർ നിയന്ത്രിത പാടശേഖരസമിതികൾ സ്ഥാപിച്ച് പുഞ്ചക്കൃഷി സുഗമമാക്കാനായി സർക്കാർ കൊണ്ടുവന്ന ഇറിഗേഷൻ നിയമം ഇനിയും നടപ്പായില്ല.2023-ൽ സർക്കാർ ഉത്തരവിറക്കിയെങ്കിലും ഉദ്യോഗസ്ഥതലത്തിലുള്ള താത്പര്യക്കുറവാണ് സമിതി കളുടെ രൂപവത്കരണത്തിന് തടസ്സമെന്ന് സൂചന. നിയമപ്രകാരമുള്ള പാടശേഖര സമിതികളില്ലാ ത്തതിനാൽ നിലവിലെ കർഷകസമിതികളെ നിയന്ത്രിക്കാനാവാത്ത അവസ്ഥ തുടരുന്നു.കൃഷി അസിസ്റ്റന്റ് ഡയറക്ടർ, കൃഷി ഓഫീസർ, ഇറിഗേഷ്യൻ എക്‌സിക്യുട്ടീവ് എൻജിനീയർ, കെഎസ്ഇബി എക്‌സിക്യുട്ടീവ് എൻജിനീയർ തുടങ്ങിയ ഉദ്യോഗസ്ഥരും കർഷകരും ഉൾപ്പെട്ട താണ് പാടശേഖര സമിതികൾ.
നിലവിൽ 1986-ലെ ചാരിറ്റബിൾ സോസൈറ്റീസ് ആക്ട് പ്രകാരം ജില്ലാ രജിസ്ട്രാർ മുഖേനെ രജിസ്റ്റർചെയ്ത സമിതികളാണ് കോൾപ്പാടത്ത് പ്രവർത്തിക്കുന്നത്.ഇവയെ നിയന്ത്രിക്കാൻ കർഷകർക്കോ രജിസ്റ്റർ ചെയ്തുകൊടുക്കുന്ന ജില്ലാ രജിസ്ട്രാർക്കോ അധികാരമില്ലാത്ത സ്ഥിതി യാണ്. ഇതുമൂലം എന്തിനും ഏതിനും െഹെക്കോടതിയെ സമീപിക്കേണ്ട അവസ്ഥയാണ് കർഷകർക്ക്.കർഷകയോഗങ്ങൾ വിളിച്ചുചേർക്കാതെ മൂന്നുവർഷത്തേക്ക് ഭരണസമിതി പട്ടിക പുതുക്കിയ സംഭവങ്ങൾവരെ പൊന്നാനി കോൾമേഖലയിലുണ്ടായി.കർഷകർ പരാതി നൽകി യാലും കൃഷി വകുപ്പിൽനിന്നും അനുകൂലമായ നിലപാടല്ല ഉണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്.
എല്ലാ പാടശേഖരങ്ങളിലും കർഷകർക്ക് പരാതിയും ആശങ്കകളും പങ്കുവെക്കാനാകുന്ന തര ത്തിൽ ഇറിഗേഷൻ നിയമപ്രകാരമുള്ള പാടശേഖര സമിതികൾ പ്രാബല്യത്തിൽ കൊണ്ടുവരണ മെന്നാണ് കർഷകരുടെ അഭിപ്രായം.അതേസമയം ജലസേചന സൗകര്യമൊരുക്കാനുള്ള ചുമതല ഇറിഗേഷൻവകുപ്പിന്റെ നിയന്ത്രണമുള്ള സ്ഥലങ്ങളിൽ മാത്രമേ ഈ നിയമം പ്രാവർത്തിക മാക്കാനാകൂവെന്ന നിബന്ധനയുണ്ട്.ഇത് ഉദ്യോഗസ്ഥർക്ക് വലിയ ബാധ്യതയായി തീരുമെന്നതാണ് അവരെ ഇതിൽനിന്ന് പിന്നാക്കംവലിക്കുന്നത്. എന്നാൽ പൊന്നാനി കോളിലെ തൃശ്ശൂർ മേഖല യിൽ വകുപ്പ് ജലസേചനസൗകര്യം നൽകുന്നുണ്ട്.
പൊന്നാനി താലൂക്കിലെ പ്രദേശങ്ങളിൽ കർഷകസമിതികളും കർഷകരും ഇടപെട്ടാണ് ജലസേചനവും മറ്റും നടത്തുന്നത്. ഇത്തരം സമിതികളെ നയിക്കാൻ കർഷകരെ കിട്ടാത്ത പ്രയാസവുമുണ്ട്. വാർഷിക പൊതുയോഗം വിളിക്കലും കണക്ക് അവതരിപ്പിക്കലും കൃഷിക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കലുമൊക്കെ ചെയ്യാനുള്ള ബാധ്യതയേറ്റെടുക്കേണ്ടി വരുമെന്നതിനാലാണിത്.അംഗീകൃത പാടശേഖരസമിതി രൂപവത്കരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് പൊന്നാനി കോൾ കർഷക സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. സെക്രട്ടറി ശ്രീകുമാർ പെരുമുക്ക് അധ്യക്ഷനായി.

