തിരൂർ : ‘സംതിങ് സ്പെഷ്യലാ’ണ് സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് മലപ്പുറം. സംസ്ഥാന പോലീസിലെ അത്യുന്നത പദവിയിലെത്തിയശേഷം ആദ്യമായി മലപ്പുറത്ത് എത്തു മ്പോൾ, ആ മധുരമുള്ള ഓർമ്മകളിലേക്ക് മടങ്ങിപ്പോവുകയാണ് അദ്ദേഹം. കാൽനൂറ്റാണ്ടു മുൻപ്, മലപ്പുറത്ത് ജില്ലാ പോലീസ് മേധാവിയായിരുന്ന റവാഡ ചന്ദ്രശേഖർ, തിങ്കളാഴ്ച മലപ്പുറത്ത് എംഎസ്‌പി പാസിങ് പരേഡിൽ സല്യൂട്ട് സ്വീകരിച്ചു. പഴയകാല അനുഭവങ്ങളും ഓർമ്മകളും ഒപ്പം പുതുകാലത്ത് പോലീസ് നേരിടുന്ന വെല്ലുവിളികളും അദ്ദേഹം പങ്കുവെക്കുന്നു.
ഇങ്ങനെ മലപ്പുറത്തെത്തിയപ്പോൾ?
ഏറെ സന്തോഷം. നല്ലൊരു പോസിറ്റീവ് ഫീലിങ് തോന്നുന്നു.
മലപ്പുറത്തെ മറക്കാൻ പറ്റാത്ത ഓർമ്മകൾ?
മൂത്ത മകൻ കാർത്തിക് പിറന്ന മണ്ണാണിത്. ഒരിക്കലും ഈ മണ്ണിനെ മറക്കാൻ കഴിയില്ല. അവൻ വളർന്നു വലുതായി ബെംഗളൂരുവിൽ ഐടി സൈബർ വിങിൽജോലി ചെയ്യുന്നു.
മലപ്പുറത്തുകാരെക്കുറിച്ച്?
വളരെ സ്നേഹമുള്ളവരാണ്. അതിഥികളെ സത്കരിക്കുന്നതിലും ഏറെ മുൻപന്തിയിലാണ്. ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും മതനേതാക്കളും സാമൂഹിക, സാംസ്കാരിക പ്രവർത്തകരും നാട്ടുകാരുമെല്ലാം എന്നോട് വളരെ സ്നേഹം കാട്ടി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റിയായിരുന്ന അന്തരിച്ച ഡോ. പി.കെ. വാരിയരെ ഞാൻ ഇന്നും ഓർക്കുന്നു. അദ്ദേഹവുമായി നല്ല സൗഹൃദമായിരുന്നു. സ്ഥലംമാറ്റം കിട്ടി പോകുമ്പോൾ അദ്ദേഹത്തെ കണ്ടു വണങ്ങിയാണ് ജില്ല വിട്ടത്.
പോലീസ് സേനയ്ക്കെതിരേ വളരെയധികം വിമർശനങ്ങൾ?
പോലീസിനെ പ്രകോപിപ്പിക്കാൻ പലരും ശ്രമിക്കും. അവർക്കുമുൻപിൽ പോലീസുകാർ ക്ഷമ കൈവിടരുത്. പോലീസ് സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തിനു വേണ്ടിയുള്ളതാണ്. യൂണിഫോം തിരിച്ചറിയാനുള്ളതിന് മാത്രമാണ്. അതേപോലെ ജനങ്ങളും അവരിലൊരാളായി പോലീസുകാരെ കാണണം.
കുന്നംകുളം സംഭവം പോലീസിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിയോ?
സംഭവത്തെക്കുറിച്ച് അന്ന് അന്വേഷണം നടത്തിയിരുന്നു. അതിൽ പിഴവ് സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ ഉത്തരമേഖലാ ഐ.ജി. രാജ്പാൽ മീണയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

