Breaking
Thu. Jul 2nd, 2026

തിരൂർ : മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ എഴുത്തുകാരനായ മുട്ടത്തു വർക്കിക്ക് 1968-ൽ ലഭിച്ച സ്വർണപ്പതക്കം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയ്ക്ക് സ്വന്തമാകുന്നു. മലയാളത്തിൽ ജനപ്രിയ നോവൽ ശാഖയ്ക്കുതന്നെ തുടക്കമിട്ട ‘പാടാത്ത പൈങ്കിളി’ നോവൽ രചിച്ചതിന് മുട്ടത്തുവർക്കിക്ക് ക്രിസ്ത്യൻ റൈറ്റേഴ്സ് ആൻഡ് ജേണലിസ്റ്റ്സ് ഫെലോഷിപ്പ് ആയി ലഭിച്ചതാണ് സ്വർണപ്പതക്കം. പാടാത്ത പൈങ്കിളി നോവൽ പ്രസിദ്ധീകരണത്തിന്റെ 70-ാം വാർഷികമാണ് ഇപ്പോൾ.ആ സുവർണസ്മാരകം 16-ന് സർവകലാശാലയ്ക്കു സമർപ്പിക്കും. സ്വർണപ്പതക്കത്തിന് 9.270 ഗ്രാം തൂക്കമുണ്ട്. ഇപ്പോൾ സ്വർണവിലതന്നെ ഒരു ലക്ഷത്തോളം വരും. മുട്ടത്തുവർക്കി, മരുമകളായ അന്നാ മുട്ടത്തിനു സ്നേഹപൂർവം നല്കിയതാണ് സ്വർണപ്പതക്കം. വർഷങ്ങളായി അമേരിക്കയിൽക്കഴിയുന്ന അന്നാമുട്ടം ആ പതക്കം ഒരു സർവകലാശാലയ്ക്കു കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

അമേരിക്കയിൽ തെക്കനേഷ്യൻ ഭാഷകൾ പഠിപ്പിക്കുന്ന ഏതെങ്കിലും യൂണിവേഴ്സിറ്റിക്ക് മെഡൽ നൽകാം എന്നായിരുന്നു അവരുടെ തീരുമാനം.അമേരിക്കയിലുണ്ടായിരുന്ന എഴുത്തുകാരിയും മനുഷ്യാവകാശപ്രവർത്തകയുമായ അഡ്വ. രതീദേവിയോട് അന്ന ഇക്കാര്യം പറഞ്ഞു. എന്നാൽ, പതക്കം തിരൂരിലുള്ള മലയാളസർവകലാശാലയ്ക്ക് സമർപ്പിക്കുന്നത് കൂടുതൽ ഉചിതമായിരിക്കുമെന്ന് രതീദേവി അഭിപ്രായപ്പെട്ടു.അന്ന അത് സ്വാഗതംചെയ്തു. അഡ്വ. രതീദേവി ഷിക്കാഗോയിൽനിന്ന് ന്യൂയോർക്കിൽപ്പോയി അന്നയിൽനിന്ന് മെഡൽ സ്വീകരിച്ചു. അന്നത്തെ വൈസ് ചാൻസലറായിരുന്ന ഡോ.എൽ. സുഷമയുമായും അധ്യാപകനും എഴുത്തുകാരനുമായ ഡോ. സി. ഗണേഷുമായും ആശയവിനിമ യവും നടത്തി.

കഴിഞ്ഞ മേയിൽ രതീദേവിയും അന്നമുട്ടത്തും ഇന്ത്യയിലെത്തി, മലയാള സർവകലാശാലയ്ക്ക് സമർപ്പിക്കാൻ തീരുമാനിച്ചിരുന്നതാണ്. എന്നാൽ, അന്ന മുട്ടത്തിന് യാത്ര അസാധ്യമായി. അവർക്കു വരാൻ കഴിയാത്തതിനാൽ അഡ്വ. രതീദേവി ആ ദൗത്യവുമായി എത്തിയിരി ക്കുകയാണ്. സ്വർണപ്പതക്കസമർപ്പണച്ചടങ്ങ് ജനപ്രിയസാഹിത്യത്തെക്കുറിച്ചുള്ള ചർച്ചാ സമ്മേളനമായി നടത്താനാണ് വൈസ് ചാൻസലർ ഡോ. സി.ആർ. പ്രസാദിന്റെ തീരുമാനം. സർവകലാശാലയിൽ സാഹിത്യരചനയിലെ മികവിന് മുട്ടത്ത് വർക്കി ഗ്ലോബൽ അവാർഡായി അയ്യായിരംരൂപയും പ്രശസ്തിപത്രവും നൽകുന്നുണ്ട്. അന്ന മുട്ടത്തുവർക്കി എഴുതിയ ഓർമക്കുറിപ്പു സമാഹാരം ചടങ്ങിൽ പ്രകാശനംചെയ്യും.

Related Post

Leave a Reply

Your email address will not be published. Required fields are marked *