താനൂർ: ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്.താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.