പൊന്നാനി: നഗരസഭ ഭരണത്തിൽ ജനങ്ങൾക്കുണ്ടായിട്ടുള്ള നിരവധി പ്രശ്നങ്ങൾ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് സമരം ചെയ്ത യുഡിഎഫ് കൗൺസിലർ മാരെ ഭീഷണിപ്പെടുത്തുന്ന സിപിഎം നേതൃത്വത്തിനെതിരെ നഗരസഭ ഓഫീസിന് മുന്നിൽ പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. പത്ത് വർഷം ഭരണം നടത്തിയ എൽഡിഎഫ് ഭരണസമിതി വിവിധ സർക്കാർ ഫണ്ടുകൾ അഴിമതിക്കും, കമ്മീഷൻ പറ്റുന്നതിനും വേണ്ടി ഉപയോഗിച്ചുവെന്നും, സിപിഎം ഏരിയ സെക്രട്ടറിയുടെ അടുത്ത ബന്ധുക്കളുടെ സ്ഥലത്ത് ഇറിഗേഷൻ ഫണ്ട് ഉപയോഗിച്ച് മതിൽകെട്ടിയതിനെതിരെ പരാതി നൽകിയിട്ടും അധികാരം ഉപയോഗിച്ച് അന്വേഷണം ഇല്ലാതാക്കിയ സിപിഎം നേതാക്കളാണ് ഇപ്പോൾ അഴിമതിക്കെതിരെ സംസാരിക്കുന്നതെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി മെമ്പർ എ എം രോഹിത് കുറ്റപ്പെടുത്തി. യുഡിഎഫ് അധികാരത്തിൽ വന്നാൽ പത്ത് വർഷത്തെ നഗരസഭയുടെ അഴിമതികളെ പറ്റി ഉന്നതല അന്വേഷണം നടത്തിക്കുമെന്നും രോഹിത് പറഞ്ഞു. യുഡിഎഫ് ചെയർമാൻ കുഞ്ഞുമുഹമ്മദ് കടവനാട് അധ്യക്ഷത വഹിച്ചു. വി ചന്ദ്രവല്ലി, എം അബ്ദുൽലത്തീഫ്, വീവി ഹമീദ്,കെപി അബ്ദുൽ ജബ്ബാർ,പുന്നക്കൽ സുരേഷ്, ഫർഹാൻ ബിയ്യം,എ പവിത്രകുമാർ, പി സദാനന്ദൻ, പി ബീവി,കെ ജയപ്രകാശ് ഫസലുറഹ്മാൻ, യുകെ അമ്മാനുള്ള, സി ഗംഗാധരൻ എന്നിവർ സംസാരിച്ചു.