തിരൂർ : തിരൂർ തുഞ്ചൻ പറമ്പിലെ വിദ്യാരംഭച്ചടങ്ങുകൾ വ്യാഴാഴ്ച നടക്കും. ഒരുക്കങ്ങൾ പൂർത്തി യായതായി തുഞ്ചൻ സ്മാരക ട്രസ്റ്റ് കോഡിനേറ്റർ ഡോ. കെ. ശ്രീകുമാർ പറഞ്ഞു. അറിവിന്റെ ആദ്യക്ഷരം കുറിക്കാൻ ജാതി, മതഭേദമെന്യേ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി ആയിരങ്ങളെത്തും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനും തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനുമായിരുന്ന എം.ടി. വാസുദേവൻ നായർ വിടപറഞ്ഞതിനു ശേഷമുള്ള ആദ്യത്തെ വിദ്യാരംഭച്ചടങ്ങാണിത്.കൃഷ്ണശിലാ മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളീധരൻ, പി.സി. സത്യനാരായണൻ, പ്രഭേഷ് പണിക്കർ എന്നിവരും സരസ്വതീ മണ്ഡപത്തിൽ മലയാളത്തിലെ പ്രമുഖരായ 40 എഴുത്തുകാരും അരിയിട്ട വെള്ളിത്തളികയിലും നാവിൻ തുമ്പിലും കുരുന്നുകൾക്ക് ഹരിശ്രീ കുറിക്കും.
രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ വിദ്യാരംഭച്ചടങ്ങുകൾ നടക്കും. വിദ്യാരംഭത്തിന് മുൻകൂട്ടി രജിസ്ട്രേഷനില്ല. വരിയിൽ നിന്നാൽ മതി. രാവിലെ 9.30-ന് തുഞ്ചൻ സ്മാരക ഓഡിറ്റോറിയത്തിൽ കവികളുടെ വിദ്യാരംഭം നടത്തും. ഇതിന് മുൻകൂട്ടി പേര് രജിസ്റ്റർചെയ്യണം. കുഞ്ഞുണ്ണിമാഷ് ഏർപ്പെടുത്തിയ അക്ഷരശുദ്ധി പുരസ്കാരം തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ചഞ്ചലയ്ക്ക് സമ്മാനിക്കും.തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിൽ നൃത്ത സംഗീത പരിപാടികൾ ദിവസവും തുടരുന്നുണ്ട്. ബുധനാഴ്ച വൈകീട്ട് 5.30-ന് കോട്ടയ്ക്കൽ പ്രണവാഞ്ജലി സംഗീതവിദ്യാലയത്തിന്റെ സംഗീതാർച്ചന, തൃക്കണ്ടിയൂർ മഹിളാ സമാജ ത്തിന്റെ നൃത്തനൃത്യങ്ങൾ, കാവ്യയും സംഘവും അവതരിപ്പിക്കുന്ന മയൂരനൃത്തം, അന്നാര നിശാഗന്ധിയുടെ തിരുവാതിരകളി എന്നിവയുണ്ടാകും.
വിജയദശമി നാളിൽ വിദ്യാരംഭത്തിന് ശേഷം വൈകീട്ട് 5.30-ന് തെക്കുംമുറി മാളവിക കലാക്ഷേത്രയുടെ ഭരതനാട്യക്കച്ചേരി, തിരൂർ രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക്കിന്റെ രാഗസുധാരസം എന്നിവയോടെ വിദ്യാരംഭ കലോത്സവം സമാപിക്കും.ചൊവ്വാഴ്ച വിദ്യാരംഭ കലോത്സവത്തിൽ കോട്ടയ്ക്കൽ പ്രണവാഞ്ജലി കലാക്ഷേത്രയുടെ നൃത്താർച്ചന, തിരൂർ അമൃതപൂജയുടെ തിരുവാതിരകളി, തിരൂർ ദേവകീനന്ദന കലാലയത്തിന്റെ നൃത്തസന്ധ്യ, മാങ്ങാട്ടിരി അശ്വതി തിരുവാതിരകളി സംഘത്തിന്റെ തിരുവാതിരകളി എന്നിവ നടത്തി.തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാൻ വൈശാഖൻ, സെക്രട്ടറി പി. നന്ദകുമാർ എന്നിവരാണ് തുഞ്ചൻ വിദ്യാരംഭ കലോത്സവത്തിന് നേതൃത്വംനൽകുന്നത്. തുഞ്ചൻപറമ്പിലേക്ക് തീവണ്ടിയിൽ വരുന്നവർ തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങണം. തീവണ്ടിയിറങ്ങിയാൽ 1.5 കിലോമീറ്റർ ദൂരമുണ്ട്. തുഞ്ചൻ സ്മാരകം ഫോൺ നമ്പർ: 0494-2422213, 2429666, 8304913213.
തിരൂരിൽ ഗതാഗതനിയന്ത്രണം
തിരൂർ : തുഞ്ചൻപറമ്പിലെ വിദ്യാരംഭച്ചടങ്ങുകളുടെ ഭാഗമായി വ്യാഴാഴ്ച പുലർച്ചെ മുതൽ തിരൂർ നഗരത്തിൽ ഗതാഗതനിയന്ത്രണം ഉണ്ടാകും. തിരൂർ, ബി.പി. അങ്ങാടി, ചമ്രവട്ടം ഭാഗങ്ങളിലായി രിക്കും പുലർച്ചെ രണ്ടുമുതൽ 12 വരെ നിയന്ത്രണം ഏർപ്പെടുത്തുക. ഭാരവാഹനങ്ങൾ, മറ്റ് ദീർഘദൂര വാഹനങ്ങൾ ഹൈവേവഴിയും തൃശ്ശൂർ ഭാഗങ്ങളിൽനിന്നുള്ളവ കുറ്റിപ്പുറം-വളാഞ്ചേരി വഴിയും കോഴിക്കോട് ഭാഗത്തുനിന്നുള്ളവ ചേളാരി-കക്കാട് വഴിയും പോകേണ്ടതാണെന്ന് പോലീസ് അറിയിച്ചു. നിർദ്ദിഷ്ട പാർക്കിങ് ഏരിയാകളിൽ അല്ലാതെ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചതായി ഡിവൈഎസ്‍പി എ.ജെ. ജോൺസൺ അറിയിച്ചു.

