കുറ്റിപ്പുറം : കിൻഫ്ര പാർക്കിലേക്ക് ചെല്ലൂർകുന്നിലെ മിച്ചഭൂമിയിലൂടെ കുടിവെള്ളവിതരണ പൈപ്പ് സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു. വ്യാഴാഴ്‌ച ഉച്ചയോടെയാണ് നാട്ടുകാർ സംഘടി ച്ചെത്തി പൈപ്പുകൾ സ്ഥാപിക്കുന്നതു തടഞ്ഞത്.വീടുകളിലേക്ക് കുടിവെള്ളം വിതരണം ചെയ്യാനാണ് പൈപ്പുകൾ സ്ഥാപിക്കുന്നതെന്നാണ് പ്രവൃത്തി ചെയ്യുന്നവർ പറഞ്ഞതെന്ന് നാട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ തിരൂർ ഡെപ്യൂട്ടി തഹസിൽദാർ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി താത്കാലികമായി നിർത്തിവെച്ചു. മിച്ചഭൂമിയിൽ പൈപ്പുകൾ സ്ഥാപിക്കാൻ കിൻഫ്ര അധികൃതർ റവന്യൂ വകുപ്പിൽനിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും പൈപ്പുകൾ സ്ഥാപിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും നാട്ടുകാർ ആരോപിച്ചു.
ജൽജീവൻ കുടിവെള്ളപദ്ധതിയുടെ പൈപ്പുകൾ സ്ഥാപിച്ചതിന്റെ മുകളിലായാണ് കിൻഫ്ര കുടിവെള്ളവിതരണത്തിനായി ജിഐ പൈപ്പുകൾ സ്ഥാപിക്കുന്നത്. കിൻഫ്ര വ്യവസായ പാർക്കിന്റെ പടിഞ്ഞാറുഭാഗത്ത് മൂന്നുകിലോമീറ്ററിനപ്പുറമുള്ള കിൻഫ്രയുടെതന്നെ ഉടമസ്ഥതയിലുള്ള ഏരിയൽചോല കായൽപ്പാടത്തെ വലിയ കിണറിൽനിന്ന് വെള്ളം കിൻഫ്രയിലേക്ക് എത്തിക്കാനാണ് ഇപ്പോൾ പൈപ്പുകൾ സ്ഥാപിക്കുന്നത്. ഏതാനും മാസംമുൻപ് കായൽപ്പാടത്തെ കിണർ നവീകരിച്ചതിനുശേഷം പുതിയ മോട്ടോർ സ്ഥാപിച്ച് കിൻഫ്ര പാർക്കിലേക്ക് ജലവിതരണം നടത്താൻ കിൻഫ്ര അധികൃതർ രംഗത്തിറങ്ങിയതോടെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു.
പ്രാദേശികമായുള്ള സഫ കുടിവെള്ളപദ്ധതി, എസ്‍സി കുടിവെള്ളപദ്ധതി എന്നിവയുടെ കിണറുകൾ നിൽക്കുന്ന പ്രദേശത്തിനു മുകളിലാണ് കിൻഫ്ര കുടിവെള്ളപദ്ധതിയുടെ കിണർ. ഈ കിണർ ആഴംകൂട്ടിയാലും അവിടെനിന്ന് ജലവിതരണം ആരംഭിച്ചാലും നിലവിലുള്ള രണ്ടു പദ്ധതികളുടെയും കിണറുകളിലെ ജലത്തിന്റെ അളവിനെ സാരമായി ബാധിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കിണർ നവീകരിക്കാനുള്ള കിൻഫ്ര അധികൃതരുടെ അപേക്ഷ പഞ്ചായത്ത് ഭരണസമിതി നേരത്തേ തള്ളിയതാണ്. ഇതിനെത്തുടർന്ന് കിൻഫ്ര പദ്ധതി ഉപേക്ഷിച്ചതായിരുന്നു. പകരം ജൽജീവൻ മിഷന്റെ വെള്ളം കിൻഫ്ര പാർക്കിൽ ഉപയോഗിക്കാനായിരുന്നു തീരുമാനം. ഇതിനിടയിലാണ് തുടർച്ചയായുള്ള അവധിദിവസങ്ങൾ മറയാക്കി പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തി കിൻഫ്ര നടത്തിയത്.

