കുറ്റിപ്പുറം : വിനോദസഞ്ചാരികളെ കുറ്റിപ്പുറത്തേക്ക് ആകർഷിക്കാൻ വഴിയൊരുക്കുന്ന നിളയോരം പാർക്കിലേക്കുള്ള പുഴയോര പാതാ പദ്ധതി രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കാൻ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ വിളിച്ചുചേർത്ത യോഗത്തിൽ ധാരണയായി. ഡിടിപിസി യുടെ കീഴിലുള്ള നിളയോരം പാർക്കിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാന മുണ്ടായത്. കുറ്റിപ്പുറം ‘റ’ പാലത്തിനു സമീപത്തുനിന്നും തുടങ്ങി നിളയോരം പാർക്കിൽ അവസാനിപ്പിക്കുന്ന പുഴയോര പാത പദ്ധതിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. രണ്ടാംഘട്ട ത്തിൽ ‘റ’ പാലത്തിനു സമീപത്തുനിന്നും പുഴയോര പാത ആരംഭിച്ച് കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിപ്രദേശം വഴി ഹയർസെക്കൻഡറി സ്കൂളിനു സമീപത്തെ ചെങ്ങണക്കടവിൽ അവസാനിക്കും.
നിലവിൽ ഒരു കോടി രൂപയാണ് ആദ്യഘട്ട നിർമാണത്തിന് ചെലവ്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എം പാനൽ ആർക്കിടെക്റ്റ് പ്രൊപ്പോസൽ തയ്യാറാക്കും.ഏറ്റെടുക്കുന്ന ഭൂമിയുടെ സർവേ നടത്താനും നടപടികൾ ത്വരപ്പെടുത്താനും കുറ്റിപ്പുറം വില്ലേജ് ഓഫീസറെ യോഗം ചുമതലപ്പെടുത്തി. കഴിഞ്ഞ മാസം നടന്ന ജില്ലാ വികസനസമിതി യോഗത്തിൽ പാർലമെന്റ് അംഗം ഡോ. അബ്ദുസ്സമദ് സമദാനിയുടെ പ്രതിനിധി ഇബ്രാഹിം മൂതൂരാണ് പുഴയോര പാതാ പദ്ധതി സംബന്ധിച്ച് ചർച്ചയ്ക്ക് തുടക്കമിട്ടത്.പിന്നീട് ഡിടിപിസി സെക്രട്ടറി മലപ്പുറത്ത് വിളിച്ചു ചേർത്ത ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം പദ്ധതിക്ക് പച്ചക്കൊടി കാട്ടുകയും ചെയ്തതോടെയാണ് മൂന്നാംഘട്ട യോഗം എംഎൽഎയുടെ നേതൃത്വത്തിൽ നടന്നത്. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി.പഞ്ചായത്ത് പ്രസിഡന്റ് നസീറ പറതൊടി, എംപിയുടെ പ്രതിനിധി ഇബ്രാഹിം മുതൂർ, ഫസൽ അലി സഖാഫ് തങ്ങൾ, ഫസീന അഹമ്മദ് കുട്ടി, റമീന, പരപ്പാര സിദ്ധീഖ്, കെ.ടി. സിദ്ധീഖ്, റിജിത ഷലീജ്, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

