Breaking
Mon. Aug 17th, 2026

ഇനി മുണ്ടകൻ കൃഷിയുടെ നാളുകൾ; തുലാപ്പെയ്ത്തിൽ കർഷകർക്ക് ആശങ്ക

എരമംഗലം : പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്തിലെ അയിരൂർ കുട്ടാടൻ പാടത്ത് ഇനി മുണ്ടകൻ കൃഷിയുടെ നാളുകൾ. കന്നി മാസം പകുതിയോടെ ഞാറ്റാടി പറിച്ചു നടീൽ പൂർത്തിയാക്കു കയാണ് പതിവ്. എന്നാൽ ഇത്തവണ തുലാം മാസം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ഇനിയും ഞാറ് പറിച്ചുനടീൽ പൂർത്തിയായിട്ടില്ല.കാലാവസ്ഥയിലുണ്ടായ മാറ്റമാണ് കുട്ടാടം പാടത്തെ മുണ്ടകൻ കൃഷി രണ്ടാഴ്ചയോളം വൈകിയതെന്ന് കർഷകർ പറയുന്നു. മലപ്പുറം, തൃശ്ശൂർ ജില്ലകളോടുചേർന്നു 60 ഹെക്ടർ പാടത്താണ് നൂറോളം വരുന്ന കർഷകർ മുണ്ടകൻ കൃഷിയിറക്കുന്നത്.ഇവയിൽ 50 ഹെക്ടറോളം പാടവും എഴുപതോളം കർഷകരും മലപ്പുറം പെരുമ്പടപ്പ് ഗ്രാമപ്പഞ്ചായത്ത് കൃഷിഭവന്‍റെ കീഴിലാണ്.

കൃഷിക്കാവശ്യമായ ഉമ നെൽവിത്ത് പെരുമ്പടപ്പ് പഞ്ചായത്തിന്റെ ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ വഴി സൗജന്യമായി നൽകുന്നുണ്ട്. ഒരു ഏക്കറിന് 28 കിലോഗ്രാം വിത്താണ് ഇത്തവണ നൽകുന്നത്. ഇതിനുപുറമേ കുമ്മായത്തിനും കൂലിച്ചെലവിനും ഗ്രാമപ്പഞ്ചായത്ത് തുക വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളും കൂലിച്ചെലവ് ഇനത്തിൽ തുകകൾ വാർഷികപദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.കാർഷികവികസന കർഷകക്ഷേമ വകുപ്പും സുസ്ഥിര നെൽക്കൃഷി വികസനം, സോയിൽ അമിലിയോറൻസ് കുമ്മായം വിതരണം, ഉത്പാദ ബോണസ്, ഓപ്പറേഷണൽ സപ്പോർട്ട് എന്നിവയിൽ നെൽ ക്കൃഷിക്ക്‌ ആനുകൂല്യങ്ങൾ നൽകുന്നുണ്ട്.

അയിരൂർ കുട്ടാടം പാടത്തേക്ക് ബംഗാളിൽനിന്നുള്ള തൊഴിലാളികളെയാണ് കൃഷിയിറക്കാൻ എത്തിച്ചത്. ഇവരുടെ നേതൃത്വത്തിൽ ഞാറ് പറിച്ചുനടീൽ പുരോഗമിക്കുകയാണ്.ഞാറ്റാടി മുതൽ കൊയ്ത്തുവരെ ഒരു ഏക്കറിന് ഏകദേശം 35,000 രൂപ മുതൽ 38,000 രൂപയാണ് കർഷകർക്ക് ചെലവ്. 130 മൂപ്പുള്ള ഉമ വിത്താണ് കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നത്. മകരക്കൊയ്ത്ത് ലക്ഷ്യമാക്കിയാണ് മുണ്ടകൻ കൃഷിയിറക്കുന്നത്.ഒരു ഏക്കറിൽ 2500 മുതൽ 3000 കിലോവരെ നെല്ലാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. കൃഷിഭവനും പെരുമ്പടപ്പ് പഞ്ചായത്തും കൂടെയുണ്ട്. കാലംതെറ്റിയെത്തുന്ന കാലവർഷമാണ് കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്പിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *