തിരൂർ : ‘റിട്ടയറായില്ലേ…’, ‘പ്രായമായില്ലേ…’ എന്നൊക്കെപ്പറഞ്ഞ് എല്ലാറ്റിൽനിന്നും മാറിനിൽക്കു ന്നവർ ഈ ‘റിഹേഴ്‌സൽ’ ഒന്നുകാണണം. ഇടയ്ക്കയിൽ ഒന്നരവർഷമായി പരിശീലനം നടത്തുന്ന അഞ്ചംഗസംഘമാണ്. ഇതിൽ മുതിർന്നയാൾക്ക് പ്രായം 68. തിരൂരുകാർക്ക് ആളെ പെട്ടെന്നു മനസ്സിലാവും.രണ്ടുപതിറ്റാണ്ടായി തിരൂർ നഗരസഭാംഗമായി തുടരുന്ന നിർമ്മല കുട്ടിക്കൃഷ്ണൻ. ബിജെപിയുടെ സ്റ്റേറ്റ് കൗൺസിലറായ ഇവരുടെ പേര് തിരൂരിനുപുറമേയുള്ളവർക്കും പരിചിതം. ‘ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യണം. എപ്പോഴും സന്തോഷമായിരിക്കണം…’, ഈ കാഴ്ചപ്പാടുള്ള നിർമ്മലയുൾപ്പെടെയുള്ള അഞ്ചുവനിതകളാണ് ഇടയ്ക്കയിൽ ഒരുകൈനോക്കുന്നത്.
റിട്ട. അധ്യാപിക സരള പെരിയത്ത്, റിട്ട. അഗ്രിക്കൾച്ചറൽ ഓഫീസർ വസന്ത രാധാകൃഷ്ണൻ, അധ്യാപികയായ പി. ഭാമ, രമണി കുന്നത്ത് എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ. തൃക്കണ്ടിയൂരിലെ കൈകൊട്ടിക്കളി സംഘത്തിലുള്ള ഇതിലെ ചില അംഗങ്ങളാണ് ഇടയ്ക്ക പഠിച്ചാലോ എന്ന ആലോചന മുന്നോട്ടുവെച്ചത്.കലാമണ്ഡലത്തിൽനിന്നുവിരമിച്ച ബാലുശ്ശേരി കൃഷ്ണദാസുമായി ഭാമയ്ക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് അദ്ദേഹത്തെ ഗുരുവാക്കി ഒന്നരവർഷം മുൻപ് ഇടയ്ക്കപഠനം തുടങ്ങിയത്.
ശിവപാദം സോപാനസംഗീതസഭ എന്ന് പേരിട്ട കൂട്ടായ്മ കൃത്യമായ പരിശീലനത്തിലൂടെ ആത്മവിശ്വാസം നേടിയെടുത്ത് ഇപ്പോൾ അരങ്ങേറ്റത്തിന് ഒരുങ്ങി.തൃക്കണ്ടിയൂർ മഹാശിവ ക്ഷേത്രത്തിൽ വാവുത്സവത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം 6.30-നാണ് അരങ്ങേറ്റം. ഇടയ്ക്ക കൊട്ടുന്നതിനൊപ്പം ഗണപതി, തൃക്കണ്ടിയൂരപ്പൻ തുടങ്ങിയ ദേവന്മാരുടെ സ്തുതിഗീതങ്ങൾ പാടിയാണ് അരങ്ങേറ്റമെന്ന് നിർമ്മല കുട്ടിക്കൃഷ്ണൻ പറഞ്ഞു.

