തിരൂർ : ആലത്തിയൂർ ഹനുമാൻകാവ് ദേവസ്വം ഏർപ്പെടുത്തിയ ഈവർഷത്തെ ആഞ്ജനേയ കീർത്തി പുരസ്‌കാരം ഗായകൻ മധു ബാലകൃഷ്ണന് കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമയുടെ പ്രതിനിധികളായ ബിജു കൃഷ്ണൻ, പി.സി. ജയശ്രീ രാജ എന്നിവർചേർന്ന് സമ്മാനിച്ചു. മധു ബാലകൃഷ്ണന് മലബാർ ദേവസ്വംബോർഡ് പ്രസിഡന്റ് ഒ.കെ. വാസു പൊന്നാട ചാർത്തി. അജിത്ത് കൊളാടി പ്രശസ്തിപത്രം കൈമാറി. മലബാർ ദേവസ്വംബോർഡ് കമ്മിഷണർ ടി.സി. ബിജു ഉപഹാരം നൽകി. ക്ഷേത്രാങ്കണത്തിൽ നടന്ന സാംസ്‌കാരികസമ്മേളനത്തിൽ വെച്ചാണ് പുരസ്‌കാരം സമർപ്പിച്ചത്. തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് ദീപംകൊളുത്തി. മലബാർ ദേവസ്വംബോർഡ് പ്രസിഡൻറ് ഒ.കെ. വാസു ഉദ്ഘാടനംചെയ്തു.
കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമയുടെ പ്രതിനിധി ബിജു കൃഷ്ണൻ അധ്യക്ഷനായി. മലബാർ ദേവസ്വംബോർഡ് കമ്മിഷണർ ടി.സി. ബിജു മുഖ്യാതിഥിയായി. അജിത്ത് കൊളാടി മുഖ്യപ്രഭാഷണം നടത്തി. മലബാർ ദേവസ്വംബോർഡ് മലപ്പുറം ഏരിയാ കമ്മിറ്റി ചെയർമാൻ ഒ.കെ. ബേബി ശങ്കർ, അസിസ്റ്റന്റ് കമ്മിഷണർ കെ.കെ. പ്രമോദ്കുമാർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ. പരമേശ്വരൻ, സാമൂതിരിയുടെ പ്രതിനിധി പി.സി. ജയശ്രീ രാജ, അഡ്വ. വിനു നാഥ്, ഗോപിനാഥൻ നമ്പ്യാർ, എം.കെ. രാമകൃഷ്ണൻ, ദിവ്യ മധു ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ശാസ്താംപാട്ട് കലാകാരനായ കെ.ടി. ബാലൻ നായർ, യുവ എഴുത്തുകാരി സന്ധ്യാ വാസു, ദേശീയ പരീക്ഷയിൽ ഉന്നതവിജയം കൈവരിച്ച ആലത്തിയൂർ ഹനുമാൻകാവ് ക്ഷേത്രം ജീവനക്കാരനായ രാമകൃഷ്ണൻ ഹനുമാൻകാവിന്റെ മകൻ കൗശിക് കൃഷ്ണ എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. ക്ഷേത്രത്തിലെത്തിയ അതിഥികളെ ഘോഷയാത്രയോടെയാണ് സ്വീകരിച്ചത്.
തിരുവോണ മഹോത്സവം ഇന്നുതുടങ്ങും
ഹനുമാൻകാവ് ക്ഷേത്രത്തിൽ ഈമാസം 22-ന് ആരംഭിച്ച ദ്രവ്യകലശം സമാപിച്ചു. തിരുവോണ മഹോത്സവത്തോടനുബന്ധിച്ചാണ് ദ്രവ്യകലശം നടന്നത്. ദ്രവ്യകലശത്തിന് തന്ത്രി കൽപ്പുഴ ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ചൊവ്വാഴ്‌ച തിരുവോണ മഹോത്സവം തുടങ്ങും. രാവിലെ കൂട്ടപ്രാർഥന, നെയ്‌വിളക്ക് സമർപ്പണം, വിഷ്ണു സഹസ്രനാമ പാരായണം, മേളത്തോടെ ശീവേലി, സത്യസായി സേവാസമിതിയുടെ ഹനുമാൻ ചാലിസ, ഓട്ടൻതുള്ളൽ എന്നിവയും ഉച്ചയ്ക്ക് 12-ന് പ്രസാദഊട്ടും നടത്തും.ഉച്ചയ്ക്കുശേഷം ചാക്യാർകൂത്ത് നടത്തും. വൈകീട്ട് നാലിന് കാഴ്‌ചശീവേലിയും രാത്രി ഏഴരയ്ക്ക് സദനം രാമകൃഷ്ണന്റെ തായമ്പക യുമുണ്ടാകും.

