പൊന്നാനി : താലൂക്കിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾ ഒരു കെട്ടിടത്തിലേക്ക് മാറ്റാനായി നിർമിക്കുന്ന സിവിൽ സ്റ്റേഷൻ അനുബന്ധ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി കെ. രാജൻ ഓൺലൈനായി നിർവഹിച്ചു.പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുവദിച്ച 10 കോടി രൂപ ചെലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.1997.39 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ മൂന്നു നിലകളിലായാണ് പുതിയ കെട്ടിടം രൂപകല്പന ചെയ്തിട്ടുള്ളത്. ഭിന്നശേഷി സൗഹൃദമായി വിഭാവനംചെയ്ത കെട്ടിടത്തിൽ എല്ലാ നിലകളിലും ശൗചാലയങ്ങൾ, താഴത്തെ നിലയിൽ റാമ്പ്, ഗോവണികൾ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ പുതിയ കെട്ടിടത്തെ നിലവിലുള്ള കെട്ടിടവുമായി ബന്ധിപ്പിക്കുന്നതിന് ഒരു കണക്‌ഷൻ ബ്രിഡ്ജ് സംവിധാനവുമുണ്ടാകും. ഒരു വർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കും . ചടങ്ങിൽ പി. നന്ദകുമാർ എംഎൽഎ അധ്യക്ഷനായി. ശിലാഫലക അനാച്ഛാദനവും അദ്ദേഹം നിർവഹിച്ചു. പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, എടപ്പാൾ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.വി. സുബൈദ, പൊന്നാനി നഗരസഭാ കൗൺസിലർ സീനത്ത്, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, മുൻ നഗരസഭാധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ പങ്കെടുത്തു.

