പൊന്നാനി : കണ്ടകുറുമ്പക്കാവ് ഭഗവതീക്ഷേത്രത്തിൽ ശബരിമല തീർഥാടകർക്ക് വിശ്രമം, ഭക്ഷണം, പ്രാഥമിക കൃത്യനിർവഹണം എന്നിവയ്ക്കായി മണ്ഡലകാലത്ത് സൗകര്യമൊരു ക്കുന്നു. പൊന്നാനി ആസ്ഥാനമായുള്ള എം.പി. ഗംഗാധരൻ ഫൗണ്ടേഷൻ, അഖിലഭാരത അയ്യപ്പ സേവാസംഘവുമായി ചേർന്നാണ് സൗകര്യമൊരുക്കുന്നത്. നവംബർ 17 മുതൽ 41 ദിവസം വിശ്രമകേന്ദ്രം പ്രവർത്തിക്കും.തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതുസംബന്ധിച്ച് ഞായറാഴ്‌ച ക്ഷേത്രത്തിൽ നടന്ന സംഘാടകസമിതി രൂപവത്കരണയോഗം ചർച്ചചെയ്തു.എത്ര തീർഥാടകർ വന്നാലും ആവശ്യമായ സൗകര്യങ്ങളൊരുക്കാനാണ് തീരുമാനം. ആറുവരി പ്പാതയിലൂടെയും തീരദേശപാതയിലൂടെയും പോകുന്ന തീർഥാടകർക്ക് രണ്ടു പാതയിൽനിന്നും എളുപ്പത്തിൽ എത്തിച്ചേരാവുന്നിടത്താണ് ക്ഷേത്രം.ക്ഷേത്രത്തിലേക്ക് വഴികാണിക്കുന്ന ദിശാസൂചികകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ജോലികൾ ഉടൻ ആരംഭിക്കും. സംഘാടക സമിതി രൂപവത്കരണയോഗം അഖിലഭാരത അയ്യപ്പസേവാസംഘം പ്രസിഡന്റും മുൻ എംപിയുമായ സി. ഹരിദാസ് ഉദ്ഘാടനംചെയ്തു.എംപി ഗംഗാധരൻ ഫൗണ്ടേഷൻ ചെയർമാൻ കെ.പി. നൗഷാദ് അലി അധ്യക്ഷതവഹിച്ചു.പ്രവർത്തനം വൃശ്ചികം ഒന്നുമുതൽ
മൈത്രിയുടെ സന്ദേശം:എംഎൽഎയും മന്ത്രിയുമായിരുന്ന എം.പി. ഗംഗാധരന്റെ സ്‌മരണയിൽ സാമുദായികസൗഹാർദവും ദേശീയതയും ഊട്ടിയുറപ്പിക്കാനായി പ്രവർത്തിക്കുന്ന കൂട്ടായ്‌മയാണ് എംപി ഗംഗാധരൻ ഫൗണ്ടേഷൻ.കെപിസിസി ജനറൽസെക്രട്ടറി കെ.പി. നൗഷാദ് അലി ചെയർമാനായുള്ള ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം തീർഥാടകർക്ക് പുന്നയ്ക്കൽ ക്ഷേത്രത്തിനുസമീപം ഇടത്താവളമൊരുക്കിയിരുന്നു. പുന്നയ്ക്കലിൽ ശരാശരി 400-500 പേർക്ക് ദിവസവും അന്നദാനവും അനുബന്ധസൗകര്യങ്ങളും ഒരുക്കിയിരുന്നു. ആ ഇടത്താവളം സ്തുത്യർഹമായി നടത്താനായതിന്റെ ചാരിതാർഥ്യവും സന്തോഷവുമാണ് ഇത്തവണയും വിശ്രമകേന്ദ്രമൊരുക്കാൻ പ്രേരണയായതെന്ന് ഫൗണ്ടേഷൻ ചെയർമാൻ കെ.പി. നൗഷാദ് അലി പറഞ്ഞു. കഴിഞ്ഞതവണ വിവിധ മുസ്‌ലിം സംഘടനകളും രാഷ്‌ട്രീയ, സാംസ്‌കാരിക സംഘടനകളുമൊക്കെ സഹായവുമായി വന്നിരുന്നു. സമൂഹത്തിൽ മൈത്രിയുടെ സന്ദേശം ഊട്ടിയുറപ്പിക്കാൻകൂടി ഉതകുന്നതാകും ഈ ഇടത്താവളം -നൗഷാദ് അലി പറഞ്ഞു.

