നാൾ കുറിച്ചു. ആവേശത്തിന്റെ നാട്ടങ്കത്തിലേക്ക് ഇനി കൃത്യം ഒരു മാസത്തിന്റെ ദൂരം. ദേശീയ, സംസ്ഥാന രാഷ്ട്രീയ കാലാവസ്ഥയ്ക്കൊപ്പം നാടൻ അടവുകളും ചുവടുകളും വിധി നിർണ യിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് അങ്കത്തിലേക്ക് നാടുണർന്നു. രാഷ്ട്രീയ പാർട്ടികൾ നേരത്തെ മുന്നൊരുക്കം തുടങ്ങിയെങ്കിലും സജീവമായി കളത്തിലിറങ്ങാൻ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം കാത്തിരിക്കുകയായിരുന്നു. അടുത്ത മാസം 11ന് തിരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം വന്നതോടെ അരയും തലയും മുറുക്കി പാർട്ടികൾ രംഗത്തിറങ്ങും. ഓരോ പാർട്ടികളുടെയും നിലവിലെ സ്ഥിതി ഇങ്ങനെയാണ്.

യുഡിഎഫ്
മുസ്‌ലിം ലീഗിൽ സ്ഥാനാർഥി പ്രഖ്യാപനം രണ്ടു ദിവസത്തിനകം പൂർത്തിയാകും. പൊന്മുണ്ടമൊഴികെയുള്ള പഞ്ചായത്തുകളിൽ ഏകദേശ സീറ്റ് ധാരണയായി. ചിലയിടങ്ങളിൽ അവസാനവട്ട ചർച്ച നടക്കുന്നു. 3 ടേം നിബന്ധന കർശനമാക്കിയതിനാൽ ഒട്ടേറെ പുതുമുഖങ്ങൾ ലീഗ് സ്ഥാനാർഥി പട്ടികയിലുണ്ടാകും. പടലപ്പിണക്കം ചിലയിടങ്ങളിൽ കല്ലുകടിയാകുന്നു ണ്ടെങ്കിലും കോൺഗ്രസ് തിരഞ്ഞെടുപ്പ് ഗോദയിൽ സജീവം. മുന്നണിയിലെ സീറ്റ് വിഭജനം പൂർത്തിയായ ശേഷമായിരിക്കും സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കുക. മറ്റു ഘടക കക്ഷികൾക്ക് കഴിഞ്ഞ തവണ അനുവദിച്ച സീറ്റുകൾ നൽകും. മുന്നണിയുടെ ശക്തമായ കോട്ടയിൽ കഴിഞ്ഞ വർഷത്തെ പ്രകടനത്തെ വെല്ലുന്ന മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്.

എൽഡിഎഫ്
ജില്ലാ പഞ്ചായത്തിൽ സീറ്റ് വിഭജനം നേരത്തെ പൂർത്തിയാക്കി മുന്നണി തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടന്നു. നാളെയോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടായേക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളെവരെ സിപിഎം മത്സര രംഗത്തിറക്കുമെന്നാണ് സൂചന. സിപിഐ 3 ടേം നിബന്ധന നടപ്പാക്കും. ജില്ലാ പഞ്ചായത്തിൽ എല്ലാ ഘടകകക്ഷികൾക്കും സീറ്റ് നൽകി ഉദാര സമീപനമാണ് സിപിഎം സ്വീകരിച്ചത്. ഐഎൻഎല്ലിൽ നിന്ന് പിളർന്ന നാഷനൽ ലീഗിന് ജില്ലാ പഞ്ചായത്ത് ഡിവിഷൻ നൽകിയത് ഉദാഹരണം. ജില്ലയിലെ ശക്തികേന്ദ്രങ്ങളിൽ മികച്ച മുന്നേറ്റവും യുഡിഎഫ് കോട്ടകളിൽ ഭേദപ്പെട്ട പ്രകടനവുമാണ് ഉന്നമിടുന്നത്.

എൻഡിഎ
ജില്ലാ പഞ്ചായത്തിലേക്ക് ബിജെപി സ്ഥാനാർഥികളെ ഇന്നു പ്രഖ്യാപിച്ചേക്കും. ബിജെപിക്ക് വേരോട്ടമുള്ള പൊന്നാനി മേഖലയിലായിരിക്കും കൂടുതൽ ശ്രദ്ധ. ബിഡിജെഎസിന്റെ സാന്നിധ്യം ചില മേഖലകളിൽ പ്രതിഫലിക്കുമെന്നാണു പ്രതീക്ഷ. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ മലയോരത്തും ഭേദപ്പെട്ട പ്രകടനം പ്രതീക്ഷിക്കുന്നു.

തൃണമൂൽ കോൺഗ്രസ്
യുഡിഎഫിന്റെ ഭാഗമായില്ലെങ്കിലും മുന്നണിയുമായി സഹകരിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നാണ് തൃണമൂലിന്റെ പ്രതീക്ഷ. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായി വി.ഡി.സതീശൻ വെളിപ്പെടുത്തിയിരുന്നു. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോഓർഡിനേറ്റർ വി.എസ്.മനോജ് കുമാർ തിരുവനന്തപുരത്ത് വി.ഡി.സതീശനുമായി ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെ പ്രതിപക്ഷ നേതാവും പി.വി.അൻവറുമായി ഫോണിൽ സംസാരിച്ചതായും തൃണമൂൽ വൃത്തങ്ങൾ പറയുന്നു. വഴിക്കടവിലും മൂത്തേടത്തുമുൾപ്പെടെ ചില വാർഡുകളിൽ പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. യുഡിഎഫുമായി ധാരണയിലെത്തിയാൽ സ്ഥാനാർഥികളെ പിൻവലിച്ച് മുന്നണിയുടെ ഭാഗമായി ലഭിക്കുന്ന സീറ്റുകളിൽ മത്സരിക്കും.

വെൽഫെയർ പാർട്ടി
നേരിട്ടുള്ള സഖ്യമില്ലെങ്കിലും കഴിഞ്ഞ തവണത്തേതു പോലെ യുഡിഎഫുമായി നീക്കു പോക്കിനു സാധ്യത.

യുഡിഎഫ് ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടും. മുൻ കാലങ്ങളെ അപേക്ഷിച്ച് മുന്നണിയിൽ പ്രശ്നങ്ങൾ വളരെ കുറവാണ്. ചരിത്രത്തിലാദ്യമായി മണ്ഡലം തലത്തിലുൾപ്പെടെ നേതൃക്യാംപ് സംഘടിപ്പിച്ചതിന്റെ ഒത്തൊരുമയും കരുത്തും യുഡിഎഫിനുണ്ട്. മലപ്പുറം ജില്ലയിൽ മുന്നണി ചരിത്രവിജയം നേടും.

മുന്നണിയിൽ സീറ്റ് വിഭജനം ഏതാണ്ട് പൂർണമായി. നാളെത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാകും. ഒറ്റക്കെട്ടായാണ് മുന്നണി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും വികസന കുതിപ്പും ജനങ്ങളിലെത്തിക്കുന്നതിലൂടെ മികച്ച വിജയം നേടാനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്. ജില്ലയിൽ ഇടതുപക്ഷം വലിയ മുന്നേറ്റം കാഴ്ച‌വയ്ക്കും.

കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ നിലയിലും സജ്ജമാണ്. യുഡിഎഫിലെ സീറ്റ് വിഭജനം ഉടൻ പൂർത്തിയാക്കും. പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് തലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തുടങ്ങി. മുൻപെങ്ങുമില്ലാത്ത വിധം യോജിപ്പോടെയാണ് പാർട്ടിയും മുന്നണിയും പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്തി ലുൾപ്പെടെ സീറ്റുകൾ വച്ചു മാറുന്നതുമായി ബന്ധപ്പെട്ട് ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല.

മുസ്‌ലിം ലീഗും യുഡിഎഫും തിരഞ്ഞെടുപ്പിനെ നേരിടാൻ സർവസജ്ജമാണ്. ലീഗിന്റെ സ്ഥാനാർഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കും. നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സ്ഥാനാർഥികളെയായിരിക്കും പാർട്ടി രംഗത്തിറക്കുക. മലപ്പുറം ലീഗിന്റെയും യുഡിഎഫിന്റെയും ഉരുക്കുകോട്ടയാണ്. അതു വീണ്ടും അരക്കിട്ടുറപ്പിക്കുന്ന ഫലം തിരഞ്ഞെടുപ്പിലുണ്ടാകും.

Related Post

Leave a Reply

Your email address will not be published. Required fields are marked *