എടപ്പാൾ : രോഗബാധയും വിലക്കുറവുംമൂലം പ്രതിസന്ധിയിലായിരുന്ന കവുങ്ങ് കർഷകർക്ക് പുതിയ പ്രതീക്ഷനൽകി കൊട്ടടയ്ക്കയുടെ വില ഉയരുന്നു.മേൽത്തരം പഴയ കൊട്ടടയ്ക്ക കിലോയ്ക്ക് 100 രൂപയോളമാണ് ഏതാനും ദിവസത്തിനുള്ളിൽ ഉയർന്നത്. ഒരുവർഷം മുൻപ് കിലോയ്ക്ക് 450 രൂപ വരെ ഉയർന്ന് പിന്നീട് താഴേക്ക് പോയിരുന്നു. ഇതാണ് ഇപ്പോൾ ഉയർന്ന് 495-520 രൂപയിലെത്തിയിട്ടുള്ളത്.പുതിയ അടയ്ക്കയുടെ വില 400 രൂപയായി ഉയർന്നിട്ടുണ്ട്. ക്വിൻറലിന് 40,000- 50,000 ആണ് വില. തിരവ് അടയ്ക്കകളായ കരിങ്കോട്ട, ഉള്ളി, ഫട്ടോറ് എന്നിവയുടെ വിലയിലും വർധനയുണ്ട്.പഴുത്ത അടയ്ക്ക വെയിലിലുണക്കിയെടുത്ത് ഈർപ്പം തട്ടാതെ മാസങ്ങളോളം സൂക്ഷിച്ച് പൊളിച്ചാണ് മേത്തരം കൊട്ടടയ്ക്ക ഉണ്ടാക്കുന്നത്. ഇവയിൽ നിന്ന് തരംതിരിച്ചാണ് ഒന്നാംതരം, രണ്ടാംതരം, ഉള്ളി, ഫട്ടോറ്, കരിങ്കോട്ട എന്നിവ വേർതിരിച്ചെ ടുക്കുന്നത്. അതത് വർഷത്തെ അടയ്ക്ക ഉണക്കിപ്പൊളിച്ച് വിൽക്കുന്നതാണ് പുതിയ അടയ്ക്ക.
പൊളിക്കുന്ന അവസ്ഥയിൽ അടയ്ക്കയുടെ പുറംതൊലി പൂർണായും നീങ്ങാത്തതിനെ ഉള്ളിയെന്നും പുറം ഭാഗം വിണ്ടുകീറിയവയെ ഫട്ടോറെന്നും കറുത്ത നിറമുള്ള കനംകുറഞ്ഞ ഇനത്തെ കരിങ്കോട്ട യെന്നുമാണ് വിളിക്കുന്നത്.പെയിന്റ് നിർമാണത്തിനും പാക്ക് നിർമാണ ത്തിനുമാണ് അടയ്ക്ക കാര്യമായി ഉപയോഗിക്കുന്നത്. പെയിന്റ് കമ്പനികൾ വർധിച്ചതും പഴയ കാലത്തെ അപേക്ഷിച്ച് പെയിന്റിങ് വലിയൊരു തൊഴിൽമേഖലയായതുമെല്ലാം അടയ്ക്കയുടെ ഉപയോഗം വർധിക്കാൻ കാരണമായിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു.കവുങ്ങിന് ഇലപ്പുള്ളി, മാഹാളി ബാധമൂലം വലിയ വിളനഷ്ടം കർഷകർ നേരിട്ടിരുന്നു. പഴയകാലത്തെ പല കവുങ്ങിൻ തോട്ടങ്ങളും വിലക്കുറവിന്റെ കാലഘട്ടത്തിൽ പരിചരണമില്ലാതെ ഉണങ്ങിപ്പോകുകയുംചെയ്തു. ഇത് ഉത്പാദനത്തിൽ കുറവുവരുത്തി.ഇറക്കുമതിയെ ആശ്രയിച്ചാണ് അടയ്ക്ക മാർക്കറ്റ് നിലനിൽക്കുന്നത്. ഇപ്പോൾ ഇറക്കുമതിയിലുണ്ടായ കുറവുമൂലം ഉത്തരേന്ത്യൻ മാർക്കറ്റിൽ അടയ്ക്കക്ക് ക്ഷാമം നേരിട്ടതും ഇവിടെ വില വർധിക്കാൻ കാരണമായിട്ടുണ്ട്.

