Breaking
Thu. Jun 18th, 2026

കുറ്റിപ്പുറം : ഫുട്ബോൾ സ്റ്റേഡിയമെന്ന സ്വപ്നം യാഥാർഥ്യമാകാനുള്ള കാത്തിരിപ്പിലാണ് കുറ്റിപ്പുറത്തെ ഫുട്ബോൾ കളിക്കാരും ആസ്വാദകരും. ഫുട്ബോൾ കളിക്കാരും ആസ്വാദകരും ഏറെയുള്ള കുറ്റിപ്പുറത്ത് അനുയോജ്യമായ ഗ്രൗണ്ട് ഇല്ലാത്തതിനാൽ ഫുട്ബോൾ സ്റ്റേഡിയം എന്ന ആശയം നടപ്പാക്കാനായി 2021-ലാണ് ജനകീയ കമ്മിറ്റി രൂപവത്കരിക്കുന്നത്. സി.കെ. ജയകുമാർ ചെയർമാനും ഫുട്ബോൾ പരിശീലകൻ സുബ്രഹ്മണ്യൻ എടച്ചലം കൺവീനറും സക്കീർ തൊഴുക്കാട്ട് ട്രഷററുമായാണ് കുറ്റിപ്പുറം സ്പോർട്സ് അക്കാദമി രൂപവത്കരിക്കുന്നത്.

നിളയോരം പാർക്കിന്റെ തെക്കുവശം 461 ഏക്കർ വരുന്ന പുഴ പുറമ്പോക്കിൽനിന്ന്‌ 10 ഏക്കർ ഭൂമി ഫുട്ബോൾ സ്റ്റേഡിയത്തിന് അനുവദിച്ചുകിട്ടാനായിരുന്നു കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദ്യശ്രമം. സ്ഥലം അനുവദിച്ചുകിട്ടാനായി എംഎൽഎമാരായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, കെ.ടി. ജലീൽ എന്നിവരെ ഉൾപ്പെടുത്തി കമ്മിറ്റി ഭാരവാഹികൾ റവന്യൂ, കായിക, തദ്ദേശ വകുപ്പ്‌ മന്ത്രിമാരെ നേരിൽ കണ്ട് പദ്ധതിയുടെ വിവരങ്ങളും നിവേദനവും നൽകിയിരുന്നു.

ഇതേത്തുടർന്ന് തിരൂർ ആർഡിഒയുടെ നേതൃത്വത്തിൽ‍ ഉദ്യോഗസ്ഥസംഘം പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന സ്ഥലം പരിശോധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ അടുത്തിടെയുണ്ടായ രണ്ട് പ്രളയങ്ങൾ പ്രദേശത്തെയും ബാധിച്ചിരുന്നു. റവന്യൂ രേഖയിൽ പ്രസ്തുത ഭൂമി പ്രളയബാധിതപ്രദേശമായി രേഖപ്പെടുത്തിയതിനാൽ പദ്ധതിക്ക് ഇവിടെ ഭൂമി അനുവദിക്കാൻ സാങ്കേതികതടസ്സമുണ്ടായി. അതോടെ പദ്ധതിയുടെ മുന്നോട്ടുള്ള പോക്കും നിലച്ചു. അടുത്തിടെ കുറ്റിപ്പുറത്ത് മന്ത്രി വി. അബ്ദുറഹ്‌മാൻ എത്തിയപ്പോൾ ജനകീയ കമ്മിറ്റി ഭാരവാഹികൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഭൂമി അനുവദിച്ചുകിട്ടാൻ ശ്രമം നടത്തുമെന്ന് മന്ത്രി കമ്മിറ്റി ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *