എടപ്പാൾ : സാമൂഹിക-സാംസ്കാരിക നായകരുടെ സാന്നിധ്യംകൊണ്ട് പ്രൗഢഗംഭീരമായ വേദിയിൽ 400 വർഷത്തെ വാദ്യകലാചരിത്രം വിളംബരംചെയ്യുന്ന ‘തക്കിട്ട’ പുസ്തകം കലാ ലോകത്തിന് സമർപ്പിച്ചു. എടപ്പാൾ സോപാനം പഞ്ചവാദ്യം സ്കൂൾ ഒരു പതിറ്റാണ്ടോളമായി നടത്തിവന്ന ഗവേഷണത്തിലൂടെയാണ് കേരളത്തിൽ 16-ാം നൂറ്റാണ്ടു മുതൽ ജീവിച്ചുമരിച്ച 13,000 വാദ്യകലാകാരന്മാരുടെ ചരിത്രംശേഖരിച്ച് പുസ്തകമാക്കിയത്.കെ.ടി. ജലീൽ എംഎൽഎ ഉദ്ഘാടനംചെയ്തു. അപരിഷ്കൃത സമൂഹത്തെ പരിഷ്കൃതരാക്കി മാറ്റുന്നതിൽ ഏറ്റവുംവലിയ പങ്കുവഹിച്ചത് കലകളാണ്. സോപാനത്തിലൂടെ സന്തോഷ് ആലങ്കോട് നിർവഹിച്ച ഈ കർമം അദ്ദേഹത്തെ ഈശ്വരസമക്ഷം ജ്വലിപ്പിച്ചുനിർത്തിയിരിക്കുകയാണെന്നും എംഎൽഎ പറഞ്ഞു.
സോപാനം പഞ്ചവാദ്യം സ്‌കൂളിന്റെ പ്രവർത്തനം സാംസ്‌കാരികവകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തി സഹായം ലഭ്യമാക്കുമെന്ന് പി. നന്ദകുമാർ എംഎൽഎ പറഞ്ഞു. കേരളത്തിലെ വാദ്യകലകൾക്ക് അടിസ്ഥാനമുണ്ടാക്കുകയും അത് കൃത്യമായ മൂല്യങ്ങളോടെ നിലനിർത്തുകയും ചെയ്യാനായി ജീവിതം ഉഴിഞ്ഞുവെച്ച സോപാനം ഡയറക്ടർ സന്തോഷ് ആലങ്കോടിനെപ്പോലുള്ളവരെ കലാകാരന്മാരും സാംസ്കാരികനായകരും മാതൃകയാക്കണമെന്ന് അധ്യക്ഷനായ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പറഞ്ഞു.
ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഈ കാലഘട്ടത്തിൽ ജീവിച്ചിരിക്കുന്ന അതിപ്രഗത്ഭരായ കലാകാരന്മാരുടേയും കലാകാരികളുടേയും വിവരങ്ങൾപോലും ലഭ്യമല്ലെ ന്നിരിക്കേ 16-ാം നൂറ്റാണ്ടുവരേയുള്ള 13,000 കലാകാരരുടെ വിവരങ്ങൾ ചരിത്രഗ്രന്ഥ മാക്കിയ തിലൂടെ സോപാനം കേരളത്തിലെ ഒന്നാംനിര സ്ഥാപനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.പി. നന്ദകുമാർ എംഎൽഎ, സന്തോഷ് ആലങ്കോട്, സംഗീത, നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, കരിയന്നൂർ നാരായണൻ നമ്പൂതിരി, സി.എം. നീലകണ്ഠൻ, ചെറുതാഴം കുഞ്ഞിരാമമാരാർ, പി.എം. മനോജ് എമ്പ്രാന്തിരി, കുറുങ്ങാട്ട് വാസുദേവൻ നമ്പൂതിരി, അജിത് കൊളാടി, കോട്ടിയ്ക്കൽ രവി, കലാമണ്ഡലം സോമൻ, മട്ടന്നൂർ ശ്രീകാന്ത്, ശ്രീരാജ്, ടി.പി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. പുസ്തകത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരെ ആദരിച്ചു.

