Breaking
Wed. Jun 17th, 2026

എടപ്പാൾ : കോഴി വില കുത്തനെ ഉയർന്നതോടെ പ്രതിസന്ധിയിലായി ചെറുകിട വ്യാപാരികൾ. കിലോഗ്രാമിന് 50 രൂപയോളം വില വർധിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള കോഴിയുടെ വരവു കുറഞ്ഞതും കേരളത്തിലെ കോഴി ഉൽപാദനം ഗണ്യമായി കുറഞ്ഞതുമാണ് വില വർധിക്കാൻ കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. ബ്രോയ്‌ലർ കോഴി (തൂവലോടു കൂടിയത്) കിലോയ്ക്ക് 160 മുതൽ 180 വരെയാണ് ഇന്നലെ വില. കോഴിയിറച്ചിക്ക് 235 മുതൽ 280 വരെയാണു വില. കേരള ചിക്കന്റെ വിലയിലും വർധനയുണ്ട്. 151 രൂപയാണ് (തൂവലോടു കൂടിയത്) ഇന്നലെ കടകളിലെ വിൽപന വില. ഇറച്ചി കിലോയ്ക്ക് 235 രൂപയായി. നേരത്തേ 100 മുതൽ 130 രൂപ ആയിരുന്നു. ബ്രോയ്‌ലറും നേരത്തേ 100 രൂപയിൽ താഴെ വരെ വില വന്നിരുന്നു. ചൂട് വർധിച്ച തിനാൽ കോഴികൾ വേഗത്തിൽ ചത്തൊടുങ്ങുന്നതിനാൽ ഉൽപാദനം ഗണ്യമായി കുറച്ചതാണ് വില കുത്തനെ ഉയരാൻ ഇടയാക്കിയതെന്ന് വ്യാപാരികൾ പറയുന്നു.

തമിഴ്നാട്ടിൽനിന്നും ലോഡ് കണക്കിന് കോഴികളെ കേരളത്തിലെ ഫാമുകളിൽ എത്തിച്ച് ആവശ്യാനുസരണം വിൽപന നടത്തിയിരുന്നെങ്കിലും ഇവ ചത്തൊടുങ്ങുന്നതുമൂലം ഉണ്ടാകുന്ന കനത്ത നഷ്ടം കാരണം പലരും ഫാമുകളിൽ സൂക്ഷിക്കുന്നവയുടെ എണ്ണം കുറച്ചു. ലഭ്യത കുറഞ്ഞതോടെയാണ്  വ്യാപാരികൾ വില കൂട്ടിയത്. വില വർധിച്ചതോടെ വീടുകളിൽ ചിക്കൻ വിഭവങ്ങൾ ഒഴിവാക്കിത്തുടങ്ങി. വിലവർധന ഹോട്ടലുകൾക്കും കേറ്ററിങ് സ്ഥാപനങ്ങൾക്കും തിരിച്ചടിയായി. വിവാഹങ്ങൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് നേരത്തേ വിഭവങ്ങൾ നിശ്ചിത തുകയ്ക്ക് ഓർഡർ എടുത്ത പലരും വില വർധിച്ചതോടെ വെട്ടിലായി. വില കൂടിയതിനനുസരിച്ച് ഹോട്ടലുകളിൽ വിഭവങ്ങൾക്ക് വില വർധിപ്പിക്കാനും സാധിക്കില്ല. അധികം വൈകാതെ വില കുറയുമെന്ന പ്രതീക്ഷയിലാണിവർ.

മുട്ടയ്ക്കും വില കൂടി: കോഴി വിലയ്ക്ക് പുറമേ കോഴിമുട്ടയുടെ വിലയിലും വർധന ഉണ്ടായിട്ടുണ്ട്. ഒരു കോഴിമുട്ടയ്ക്ക് 7 മുതൽ 8 രൂപ വരെയാണ് ചില്ലറ വിൽപന വില. ഹോൾസെയിൽ വിൽപനയിൽ 50 പൈസ വരെ കുറവ് വരും. നേരത്തേ 5.50 രൂപ മുതൽ 6 വരെ വില ഉണ്ടായിരുന്നതാണ് കുത്തനെ ഉയർന്നത്. മുട്ട വിലയിലെ വർധനയും ഹോട്ടലുകൾക്കും ബേക്കറികൾക്കും തിരിച്ചടിയാണ്.

Related Post

Leave a Reply

Your email address will not be published. Required fields are marked *