Breaking
Sun. Aug 16th, 2026

ഭാരതപ്പുഴയിൽ നിന്ന് അനധികൃത മണലെടുപ്പ്; കർമ റോഡിനും സംരക്ഷണ ഭിത്തിക്കും ഭീഷണി

പൊന്നാനി : കർമ റോഡിനും സംരക്ഷണ ഭിത്തിക്കും ഭീഷണിയായി ഭാരതപ്പുഴയിൽ നിന്ന് അനധികൃത മണലെടുപ്പ്. ദിവസവും ലോഡ് കണക്കിന് മണലാണ് പുഴയുടെ തീരപ്രദേശങ്ങളിൽ നിന്ന് കടത്തുന്നത്. തുറമുഖ വകുപ്പ് മണലെടുപ്പിന്റെ ഭാഗമായാണ് പുഴയുടെ തീരത്തു നിന്ന് മണൽ വാരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. വലിയ തോതിൽ തീരമിടിച്ചിൽ ഭീഷണി ഉയർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. അഴിമുഖത്തോടു ചേർന്നു മണൽ വാരുന്നതിനുള്ള അനുമതി ദുരുപയോഗം ചെയ്താണ് തോണികൾ കൂട്ടത്തോടെ കുറ്റിക്കാട് കർമ റോഡിന്റെ തീരങ്ങളിലേക്കായി എത്തുന്നത്. ദിവസവും അതിരാവിലെ മുതൽ മണലെടുപ്പ് നടക്കുന്നുണ്ട്. പല തവണ പരാതികൾ നൽകിയിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. തീരത്തെ മണൽ വലിയ തോതിൽ വാരിയെടുത്തതോടെ സംരക്ഷണ ഭിത്തിയുടെ ഭാഗമായുള്ള കരിങ്കല്ലുകൾ ഇളകി പുഴയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ടുണ്ട്. കോടികൾ ചെലവഴിച്ച് നിർമിച്ച കർമ റോഡും സംരക്ഷണ ഭിത്തിയും സംരക്ഷിക്കാൻ അധികൃതർ മുന്നോട്ടുവരണമെന്നും അനധികൃത മണലെടുപ്പ് നടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടും നടപടി സ്വീകരിക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Related Post

Leave a Reply

Your email address will not be published. Required fields are marked *