Breaking
Thu. Oct 1st, 2026

ഗൂഗിളിൽ ചിറമംഗലം എന്നടിച്ചു, ഒരു ഫോൺ കോൾ, ഉടൻ ആക്‌ഷൻ, കള്ളനതാ മുന്നിൽ; കരാട്ടെക്കാരൻ ആളെ ‘പൊക്കി’, സംഭവം ഇങ്ങനെ..

തിരൂർ : രാവിലെ അഞ്ചേമുക്കാലായിക്കാണും. റഫീഖിന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അത് അവഗണിച്ചിരുന്നെങ്കിൽ, വിലയേറിയ രേഖകളും ഫോണും പണവുമെല്ലാമടങ്ങിയ ആ ബാഗ് അഭിഭാഷകനു തിരികെ ലഭിക്കില്ലായിരുന്നു, ആ മോഷ്ടാവിനെ പിടിക്കാനു മാകി്ല്ലാ യിരുന്നു. സംഭവമിങ്ങനെ – തിങ്കളാഴ്ച പുലർച്ചെ 4 മണിയോടെയാണ് അഭിഭാഷകനായ ഷിഹാബ് പൊന്മള തിരുവനന്തപുരത്തുനിന്ന് തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്.തുടർച്ചയായ യാത്ര കാരണം ക്ലോക്ക് റൂമിലിരുന്ന് ഒന്നു മയങ്ങിപ്പോയി. അര മണിക്കൂറിനു ശേഷം കണ്ണുതുറന്നപ്പോൾ തന്റെ ഫോണും, രേഖകളും, പണവുമെല്ലാമടങ്ങിയ ബാഗ് കാണാനില്ല. വക്കീൽ പതറിയില്ല. നേരെ ആർപിഎഫ് സ്റ്റേഷനിലെത്തി സിസിടിവി പരിശോധിച്ചു.അതിൽ, ഒരാൾ തന്റെ ബാഗെടുത്ത് കടന്നുകളയുന്നത് കണ്ടു. ഇതോടെ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കെത്തി. അവിടെ നിന്ന് ഫോൺ ലൊക്കേറ്റ് ചെയ്തതോടെ, ബാഗെടുത്ത യാൾ പരപ്പനങ്ങാടി ചിറമംഗലത്തെത്തിയെന്നു മനസ്സിലായി.പ്രത്യേക സംവിധാനമുള്ളതിനാൽ ഫോൺ ഓഫ് ചെയ്യാൻ മോഷ്ടാവിനു കഴിഞ്ഞിരുന്നില്ല.

ഉടൻ ഓട്ടോറിക്ഷ വിളിച്ച് അങ്ങോട്ടു പോയി.യാത്രയ്ക്കിടെ ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി ഗൂഗിളിൽ ചിറമംഗലം എന്നടിച്ചു. അപ്പോഴതാ ഒരു ചിത്രം – ഒരു കരാട്ടെ ക്ലാസിന്റെ ബോർഡ്. അതിൽ കണ്ട ഫോൺ നമ്പറിൽ ആ ഫോണിൽ നിന്നു വിളിച്ചു. മറുതലയ്ക്കൽ എം.റഫീഖ്. കരാട്ടെ അധ്യാപകനായ റഫീഖിനോട് ഷിഹാബ് കാര്യം അവതരിപ്പിച്ചു. സിസിടിവിയിൽ നിന്നെടുത്ത ഫോട്ടോയും റഫീഖിന് നൽകി. കേട്ടപാടെ റഫീഖ് സുഹൃത്ത് സിദ്ദീഖിനെയും വിളിച്ച് ചിറമംഗലത്തേക്ക് ഓടി. അവിടെ അന്വേഷിച്ചപ്പോൾ ചില അതിഥിത്തൊഴിലാളികൾ ഒരാളെ ബാഗുമായി കണ്ടെന്നും അയാൾ ബസിൽ കയറി പരപ്പനങ്ങാടി ഭാഗത്തേക്കു പോയെന്നും അറിയിച്ചു.ഉടൻ ഇരുവരും അങ്ങോട്ടു തിരിച്ചു. അവിടെ തപ്പിയപ്പോഴതാ പ്ലാറ്റ്ഫോമിൽ കക്ഷിയിരിക്കുന്നു. ചോദ്യം ചെയ്തപ്പോൾ ആദ്യം നിഷേധിച്ചു. അപ്പോഴതാ, ബാഗിലെ ഫോൺ ബെല്ലടിക്കുന്നു. ഇതോടെ കരാട്ടെക്കാരൻ ബാഗ് പരിശോധിച്ചു. തൊണ്ടിമുതലോടെ മോഷ്ടാവിനെയും പിടികൂടി പൊലീസിനെ വിളിച്ചു വരുത്തി കൈമാറി.ഇതിനിടെ ഷിഹാബും സ്ഥലത്തെത്തി. ബിഹാർ മട്ടിയാരിയിലെ അസറുദ്ദീൻ (42) എന്ന സ്ഥിരം മോഷ്ടാവായിരുന്നു അത്. ജയിലിലായിരുന്ന ഇയാൾ ജാമ്യം നേടി 5 ദിവസം മുൻപാണ് പുറത്തിറങ്ങിയത്. സംഭവത്തോടെ കക്ഷി വീണ്ടും ജയിലിലേക്കു തന്നെ പോയി.

Related Post

Leave a Reply

Your email address will not be published. Required fields are marked *