Breaking
Mon. Aug 17th, 2026

കേരള കുംഭമേളയ്ക്ക് ഒരുക്കുന്ന താൽക്കാലിക പാലത്തിന്റെയും യജ്ഞശാലയുടെയും നിർമാണം നിർത്തിവയ്ക്കാൻ നോട്ടിസ്

തിരൂർ: കേരള കുംഭമേളയ്ക്ക് ഒരുക്കുന്ന താൽക്കാലിക പാലത്തിന്റെയും യജ്ഞശാലയുടെയും നിർമാണം നിർത്തിവയ്ക്കാൻ റവന്യു വകുപ്പ് നോട്ടിസ് നൽകി. ഇന്നലെ പണി നടക്കുന്ന സമയത്താണ്, പൊലീസിനൊപ്പമെത്തി റവന്യു ഉദ്യോഗസ്ഥർ നിർമാണത്തൊഴിലാളികളോട് പണിനിർത്താൻ ആവശ്യപ്പെട്ടത്.   തിരുനാവായ നവാമുകുന്ദ ക്ഷേത്രത്തിനടുത്തുനിന്ന് തവനൂരിലേക്കാണ് താൽക്കാലിക പാലം നിർമിക്കുന്നത്. 70 ശതമാനത്തോളം പണി പൂർത്തീകരിച്ചിരുന്നു.   നവംബർ ആദ്യവാരത്തിൽ വിവിധ വകുപ്പുകളിൽ മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട അനുമതികൾക്കു സംഘാടകർ അപേക്ഷ നൽകിയിരുന്നു. കലക്ടറെയും നേരിട്ട് ബന്ധപ്പെട്ടിരുന്നു.

തുടർന്ന്, കഴിഞ്ഞ രണ്ടാഴ്ചയായി മണ്ണുമാന്തിയന്ത്രങ്ങൾ എത്തിച്ച് പുഴയിലെ പുൽക്കാട് നീക്കം ചെയ്തിരുന്നു. പാലം നിർമാണവും തുടങ്ങി. ഇതിനിടെ കഴിഞ്ഞ എട്ടിന് പുഴയിലെ നിർമാണങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടിസുമായി തിരുനാവായ വില്ലേജ് ഓഫിസിൽനിന്ന്   ഉദ്യോഗസ്ഥരെത്തി. ഇതു കൈപ്പറ്റാൻ സംഘാടകരില്ലാത്തതു കൊണ്ട് ഒൻപതിന് വില്ലേജ് ഓഫിസർ നേരിട്ടെത്തി നോട്ടിസ് കൈമാറി. ഇതോടെ പുഴയിൽനിന്ന് മണ്ണുമാന്തി യന്ത്രങ്ങൾ ഒഴിവാക്കിയെങ്കിലും പാലത്തിന്റെ പണി തുടർന്നു. ഇതാണ് ഇന്നലെയെത്തി തടഞ്ഞത്.

സംഘാടകർ അനുമതി വാങ്ങിയിട്ടില്ലെന്ന് കലക്ടർ
ഭാരതപ്പുഴയിൽ നിർമാണം നടത്തുന്നതിന് കേരള കുംഭമേള സംഘാടകർ അനുമതി വാങ്ങിയിട്ടില്ലെന്നും അതുകൊണ്ടാണ് നിർത്തിവയ്പ്പിച്ചതെന്നും കലക്ടർ വി.ആർ.വിനോദ്. പുഴയിൽ നിർമാണം നടത്തുന്നതിന് അനുമതി ആവശ്യമാണ്. കുംഭമേള തിരുനാവായയിൽ ആദ്യമായി നടത്തുകയാണ്. ലക്ഷക്കണക്കിന് ആളുകൾ വരുമെന്ന് പറയുന്നു. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് ഇതിന് വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഇത്രയും ആളുകൾ വരുമ്പോൾ  കൃത്യമായ ദുരന്തനിവാരണ പ്ലാൻ ആവശ്യമാണ്. എത്രപേർ വരും, അവർ എവിടെയാണ് താമസിക്കുക, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിർവഹിക്കാനുള്ള സംവിധാനം എവിടെയൊരുക്കും, സുരക്ഷയ്ക്കായി എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കണം തുടങ്ങിയ കൃത്യമായ പദ്ധതി ഇതിന് ആവശ്യമാണ്. ഇത്തരം നടപടികളൊന്നും ഇക്കാര്യത്തിലുണ്ടായില്ലെന്ന് കലക്ടർ പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *