തിരുനാവായ: നിള തുടങ്ങുന്ന ത്രിമൂർത്തികളുടെ കുന്നിൽനിന്ന് ത്രിമൂർത്തികളുടെ സംഗമയിടത്തേക്ക് പൂജിച്ച ശ്രീചക്രവുമായി മഹാമേരു രഥയാത്ര എത്തി. തിങ്ങിനിറ‍ഞ്ഞ വിശ്വാസികൾ രഥത്തെയും ശ്രീചക്രത്തെയും തൊഴുകൈകളോടെ സ്വീകരിച്ചാനയിച്ചു. ആരതിയുഴിഞ്ഞ് ശ്രീചക്രം ഭാരതപ്പുഴയിലെ യജ്ഞശാലയിൽ സ്ഥാപിച്ചു. കേരള കുംഭമേളയുടെ ഭാഗമായാണ്, തമിഴ്നാട്ടിലെ ത്രിമൂർത്തി കുന്നിൽനിന്നു തുടങ്ങിയ രഥയാത്ര തിരുനാവായയിൽ എത്തിയത്.

പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് രഥയാത്ര കടന്നു വന്നത്. തിരുനാവായയിൽ താലവും വാദ്യഘോഷവുമായി ഒത്തുചേർന്ന സന്യാസിമാരും ഭക്തരും ചേർന്ന് സ്വീകരിച്ചു. മഹാമേരു ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി, അമൃതാനന്ദമയി താനൂർ മഠാധിപതി സ്വാമിനി അതുല്യാമൃത പ്രാണ, ഗുരുവായൂർ ഷിർദി സായി മന്ദിരത്തിലെ മൗനയോഗി സ്വാമി ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.

നവാമുകുന്ദ ക്ഷേത്രസന്നിധിയിലെത്തിച്ച ശ്രീചക്രവും മഹാമേരുവും ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി ആരതിയും കെടാവിളക്കുമുഴിഞ്ഞ് പൂജിച്ചു. തുടർന്ന് നദിയുടെ മധ്യത്തിലുള്ള യജ്ഞശാലയിൽ സ്ഥാപിക്കുകയായിരുന്നു. സ്വാഗതസംഘം വർക്കിങ് ചെയർമാൻ കെ.ദാമോദരൻ, ചീഫ് കോഓർഡിനേറ്റർ കെ.കേശവദാസ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 

പൂജകളും ഹോമങ്ങളും പുഴമധ്യത്തിലെ യജ്ഞശാലയിൽ 


താൽക്കാലിക പാലം തുറന്നതോടെ കുംഭമേളയുടെ ഭാഗമായുള്ള പൂജകളും ഹോമങ്ങളുമെല്ലാം പുഴയുടെ മധ്യഭാഗത്ത് ഒരുക്കിയ യജ്ഞശാലയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം വൈകിട്ടാണ് താൽക്കാലിക പാലത്തിലൂടെ ജനം യജ്ഞശാലയിലേക്കു പോയിത്തുടങ്ങിയത്. പാലത്തിന് ഇതുവരെ അനുമതി ലഭ്യമായിട്ടില്ല. സംഘാടകർ ഹർജി നൽകിയതിനെ തുടർന്ന് കോടതി ഇക്കാര്യം പരിഗണിക്കുകയാണ്.

വൈകിട്ടുള്ള നിളാ ആരതിയിൽ പങ്കെടുക്കാൻ, പാലം തുറന്നതോടെ ആളു കൂടിയിട്ടുണ്ട്. രാവിലെ നടക്കുന്ന നിളാ സ്നാനത്തിനും യജ്ഞശാലയ്ക്കു സമീപമാണ് ഇപ്പോൾ ആളുകളെത്തുന്നത്. കഴിഞ്ഞ ദിവസം മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെത്തി പാലത്തിന്റെ ബലം പരിശോധിച്ചിരുന്നു. ഇവിടെ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് സംഘാടകർക്കു നിർദേശങ്ങളും നൽകിയിട്ടുണ്ട്. പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 27ന് വീണ്ടും വാദം കേൾക്കും.


 കേരള കുംഭമേളയുടെ ഭാഗമായി വസന്തപഞ്ചമി ദിനമായ ഇന്ന് പുലർച്ചെ ഭാരതപ്പുഴയിൽ തയാറാക്കിയ യജ്ഞശാലയിൽ ചതുരാംബിക പൂജ നടക്കും. പഞ്ചമി തിഥിയും പൂരുരുട്ടാതി നക്ഷത്രവും ചേരുന്ന ദിവസമാണ് ഇന്ന്. ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി പരശുരാമൻ പ്രതിഷ്ഠിച്ച ദിക്പാലക ദേവതകളാണ് ചതുരാംബികമാർ. ഈ ദേവതകളുടെ അനുഗ്രഹം തേടിയാണ് പൂജ നടക്കുന്നത്. രാത്രി പുഴയിൽ യക്ഷീപൂജയും നടക്കും. ആദിപരാശക്തിയുടെ ഓരോ രൂപത്തെയും അനുഗമിക്കുന്ന കാവൽദേവതയാണ് യക്ഷിയെന്നാണ് വിശ്വാസം. ബാലകൃഷ്ണ പൈ ആണ് പൂജകളുടെ ആചാര്യൻ.

ഇന്നലെ ഭാരതപ്പുഴയിൽ സൂര്യഗണപതി സാധന നടന്നു. ചടങ്ങിൽ സൂര്യഗണപതി ഹോമവും നടന്നു. നൂറുകണക്കിനു ഭക്തർ പങ്കെടുത്തു. ലക്ഷ്മണൻ തില്ലങ്കേരി ആചാര്യനായി. തുടർന്ന് ജയൻ ഇളയത്ത് ആചാര്യനായ സുകൃത ഹോമവും നടത്തി. തുടർന്ന് ഗായത്രി അക്ഷരദേവതാ പൂജയും യജ്ഞവും നടത്തി. അരുൺ പ്രഭാകർ ആചാര്യനായി. വൈകിട്ട് സർവേശ്വര പൂജയ്ക്ക് അശോകൻ കാണി ആചാര്യനായിരുന്നു.

കുംഭമേളയിൽ പങ്കെടുക്കുന്നവരുമായി അയൽ സംസ്ഥാനങ്ങളിൽനിന്ന് സർക്കാർ ബസുകളെത്തിത്തുടങ്ങി. ആന്ധ്രപ്രദേശ് ആർടിസിയുടെ ബസാണ് തിരുനാവായയിൽ ആദ്യമെത്തിയത്. അവിടെനിന്ന് ഇനിയും ബസുകളെത്തുമെന്നാണ് വിവരം. കർണാടക ആർടിസിയും പ്രത്യേക ബസുകൾ ഓടിക്കുമെന്ന വിവരമുണ്ട്. സ്വകാര്യ ടൂറിസ്റ്റ് ബസുകളിലും തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് ഇവിടെ ആളെത്തുന്നുണ്ട്. അതേസമയം, കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽനിന്ന് നൂറോളം ബസുകളാണ് തിരുനാവായയിലേക്ക് ഓടിക്കുന്നത്. ബജറ്റ് ടൂറിസം സെൽ വഴിയാണ് സർവീസുകൾ നടത്തുന്നത്.


കുംഭമേളയിൽ പങ്കെടുക്കാനെത്തുന്നവർക്കു ഗംഗാജലം വിൽക്കാൻ തപാൽ വകുപ്പ്. ഇതിനായി പ്രത്യേക സ്റ്റാളൊരുക്കി. ഗംഗോത്രിയിൽനിന്നു ശേഖരിച്ച ജലമാണ് ഇവിടെ വിൽക്കുന്നത്. 250 മില്ലിലീറ്റർ കുപ്പികളിൽ വിൽക്കുന്ന ജലത്തിന് 30 രൂപയാണ് വില. തിരൂർ പോസ്റ്റൽ ഡിവിഷനാണ് തിരുനാവായയിൽ സ്റ്റാളൊരുക്കിയിരിക്കുന്നത്. പോസ്റ്റ് ഓഫിസുകൾ വഴിയും ജലം ലഭ്യമാണ്. 9188928320.

Related Post

Leave a Reply

Your email address will not be published. Required fields are marked *