Breaking
Sun. Aug 16th, 2026

വൈകിട്ട് ആവശ്യത്തിന് ട്രെയിനില്ല; തിരൂർ – കോഴിക്കോട് യാത്രക്കാർ ദുരിതത്തിൽ

തിരൂർ : വൈകിട്ട് വീടുപറ്റാനൊരു ട്രെയിൻ തരൂ സാറേ… പല ട്രെയിനുകളും ഓടിച്ച് കയ്യടി വാങ്ങുന്ന റെയിൽവേ യാത്രക്കാരുടെ ഈ ആവശ്യത്തെ മാത്രം തിരിഞ്ഞു നോക്കുന്നില്ല. വൈകിട്ട് തിരൂരിൽ നിന്ന് കോഴിക്കോടെത്താനുള്ള യാത്രക്കാരാണ് പാടുപെടുന്നത്. 5.20ന് തിരൂരിലെത്തുന്ന കണ്ണൂർ എക്സ്പ്രസ് പോയാൽ പിന്നെ കോഴിക്കോട് ഭാഗത്തേക്ക് ഒരു ട്രെയിൻ വരുന്നത് രാത്രി 9 മണിക്കാണ്; എക്സിക്യൂട്ടീവ് എക്സ്പ്രസ്.

പേരിലുള്ളത് പോലെ അത്ര എക്സിക്യൂട്ടീവല്ല ഈ എക്സ്പ്രസ്!. പിടിച്ചിടൽ വണ്ടിയാണ്. മുന്നേ പോകേണ്ട ട്രെയിനാണെങ്കിലും വന്ദേഭാരത് എക്സ്പ്രസിനായി ഷൊർണൂരിലോ, പട്ടാമ്പിയിലോ, തിരൂരിലോ എക്സിക്യൂട്ടീവ് എക്സ്പ്രസ് പിടിച്ചിടും. ചിലപ്പോൾ, ഒരു മണിക്കൂറിനു ശേഷം വരുന്ന ജനശതാബ്ദി എക്സ്പ്രസിനു വേണ്ടിയും പലയിടത്തായി പിടിച്ചിടാറുണ്ട്. മുൻപ് ഈ പാതയിൽ വൈകിട്ട് ഷൊർണൂർ – കോഴിക്കോട്, തൃശൂർ – കോഴിക്കോട് എന്നീ പാസഞ്ചറുകൾ നിർത്തിയതോടെയാണ് യാത്രാദുരിതം തുടങ്ങിയത്.

2023ൽ കോറിഡോർ ബ്ലോക്കെന്ന കാരണം പറഞ്ഞാണ് ഈ ട്രെയിനുകൾ താൽക്കാലികമായി നിർത്തിയത്. ഇത് ഷൊർണൂർ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി തുടങ്ങിയ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരെ കാര്യമായി ബാധിച്ചു.വൈകിട്ട് 5.20നുള്ള ട്രെയിനിൽ കയറാനായില്ലെങ്കിൽ പിന്നെ യാത്രക്കാർ ഏറെ പ്രയാസത്തിലാകും.

ഉച്ചയ്ക്കു ശേഷമുള്ള ഗതാഗതം തന്നെ ഇതുവഴി പ്രയാസമാണ്. 2.57ന് തിരൂരിലെത്തുന്ന പരശുറാം എക്സ്പ്രസ് കഴിഞ്ഞാൽ 4.07ന് പാലക്കാട് – കണ്ണൂർ എക്സ്പ്രസും 4.25ന് മംഗള ലക്ഷദ്വീപ് എക്സ്പ്രസും 5.15ന് നേത്രാവതി എക്സ്പ്രസുമാണുള്ളത്. മംഗള ലക്ഷദ്വീപ് എക്സ്പ്രസിലും നേത്രാവതിയിലും കാലുകുത്താൻ ഇടമുണ്ടാവാറില്ല.ഈ പ്രതിസന്ധി മറികടക്കാൻ വൈകിട്ട് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ പലവട്ടം അധികൃതരെ കണ്ട് അറിയിച്ചതാണ്. മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ മന്ത്രിയടക്കമുള്ളവരെ നേരിൽ കണ്ടു നിവേദനം നൽകിയതുമാണ്. എന്നാൽ ഇതുവരെ യാതൊരു പരിഹാരവുമുണ്ടാക്കാൻ സാധിച്ചിട്ടില്ല.

Related Post

Leave a Reply

Your email address will not be published. Required fields are marked *