തിരുനാവായ: 10 ദിവസം നീണ്ടു നിൽക്കുന്ന കേരളപ്പെരുമ മൈത്രീ മഹോത്സവത്തിന് തിരുനാവായയിൽ തുടക്കമായി. പ്രത്യേകം സജ്ജമാക്കിയ മഹോത്സവ നഗരിയിൽ തമിഴ് സാഹിത്യകാരിയും സാമൂഹ്യപ്രവർത്തകയും തോഡർ ആദിവാസി വിഭാഗത്തിൽ നിന്നുള്ള പണ്ഡിതയുമായ വാസമല്ലി നീലഗിരി ഉദ്ഘാടനം ചെയ്തു.പ്രകൃതിയുമായുള്ള ബന്ധം നിലനിർത്തുന്നതിലൂടെ മാത്രമേ മാനവികതയ്ക്ക് നിലനിൽപ്പുള്ളൂ എന്നും പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തെ അതേപടി പിന്തുടരുന്ന ഒരു സമൂഹത്തിൻ്റെ പ്രതിനിധി എന്ന നിലയിലാണ് ഞാനിവിടെ നിൽക്കുന്നതെന്നും വാസമല്ലി നീലഗിരി ഉത്ഘാടക പ്രസംഗത്തിൽ പറഞ്ഞു.വിദ്വേഷത്തിൻ്റെയും വെറുപ്പിൻ്റെയും ഹുങ്കാരത്തെ പ്രതിരോധിക്കേണ്ട സന്ദർഭത്തിലാണ് ഇത്തരമൊരു മൈത്രീ മഹോത്സവത്തിൻ്റെ സംഘാടനത്തെ കുറിച്ചുള്ള ആലോചനകൾ ഉടലെടുത്തത് എന്ന് മൈത്രീ മഹോത്സവത്തിൻ്റെ ജനറൽ കൺവീനർ കൂടിയായ പി.സുരേന്ദ്രൻ പറഞ്ഞു.
വൈവിധ്യങ്ങളുടെ മനോഹാരിതയെ വീണ്ടെടുക്കാനും സമന്വയിപ്പിക്കാനും ഉള്ള ശ്രമങ്ങളാണ് നമ്മൾ ഏറ്റെടുക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ നടത്തി.എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ഡോ. ഖദീജ മുംതാസ് മുഖ്യ പ്രഭാഷണം നടത്തി.മൈത്രീ മഹോത്സവത്തിന് ആശംസകളർപ്പിച്ചു കൊണ്ട് സർവ്വശ്രീ രതീഷ് വൈരങ്കോട്, രാജേഷ് മാസ്റ്റർ, പൂവത്തിങ്കൽ റഷീദ്, സതീശൻ കളിച്ചാത്ത്, എ പി വാഹിദ്, വഹാബ് എടക്കുളം, സോളമൻകളരിക്കൽ, ടി ടി വാസുദേവൻ എന്നിവർ സംസാരിച്ചു.പ്രേംജി അയിനിക്കോട്ടിൽ സ്വാഗതവും നാസർ കൊട്ടാരത്ത് നന്ദിയും പറഞ്ഞു.തുടർന്ന്, പാർത്ഥസാരഥി അവതരിപ്പിച്ച ഏകപാത്ര നാടകം ‘കടൽത്തീരത്ത്’ അരങ്ങേറി. 8 മണിക്ക് സി വി ബഷീറും സംഘവും ഗസൽ സംഗീത വിരുന്നും നടന്നു.

