പൊന്നാനി : തീരദേശ റോഡ് വികസന അഴിമതിയിൽ ഹാർബർ പൊന്നാനി ഡിവിഷനെതിരെ ഗുരുതര ക്രമക്കേട് ചൂണ്ടിക്കാട്ടി പാലക്കാട് വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. പാലക്കാട് പാലത്തറ– കൊടുമുണ്ട റോഡിൽ നടത്തിയ നിർമാണത്തിൽ 56% കനം കുറവ് റിപ്പോർട്ട് ചെയ്തുകൊണ്ടാണ് വിജിലൻസ് വിഭാഗം തുടരന്വേഷണം ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്തതിലും ഗുരുതരമായ അപാകത വരുത്തിയിട്ടുണ്ടെന്നും കോൺക്രീറ്റിന് 40% കനം കുറവുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
2 കോടി രൂപ ചെലവഴിച്ച് ഹാർബർ പൊന്നാനി ഡിവിഷൻ ഓഫിസിന്റെ മേൽനോട്ടത്തിൽ നടന്ന നിർമാണത്തിൽ പകുതിയിലധികം വെട്ടിപ്പുനടന്നെന്നാണ് വിവരം. നേരത്തെ ധനവകുപ്പ് ഇൗ ക്രമക്കേട് കണ്ടെത്തിയിരുന്നെങ്കിലും ഹാർബർ ഉത്തരമേഖലാ സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിൽ മറ്റൊരു പരിശോധന നടത്തി അഴിമതിയെ വെള്ളപൂശാൻ ശ്രമം നടത്തിയിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ 20 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന ധനവകുപ്പ് ഉത്തരവ് മറികടന്നുകൊണ്ടായിരുന്നു ഉത്തരമേഖലാ സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിൽ ദുരൂഹമായ ഇടപെടൽ. വകുപ്പുതലത്തിൽ മറ്റു നിർദേശങ്ങളൊന്നും ഇല്ലാതിരിക്കെയാണ് സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വത്തിൽ പരിശോധന നടത്തി റോഡിന് കനം കുറവില്ലെന്ന് സ്ഥാപിക്കാൻ ശ്രമിച്ചത്. സൂപ്രണ്ടിങ് എൻജിനീയറുടെ ഇൗ പരിശോധനാ റിപ്പോർട്ടും അന്വേഷണ വിധേയമാകുമെന്നാണ് അറിയുന്നത്.
ധനവകുപ്പിന്റെ നിർദേശം ഇപ്പോഴും പൊന്നാനി ഡിവിഷൻ ഓഫിസിൽ പൂഴ്ത്തി വച്ചിരിക്കുകയാണ്. നടപടി സ്വീകരിക്കാതെ നീട്ടിക്കൊണ്ടുപോകുന്ന ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയറെയും അഴിമതിയുടെ ഭാഗമായി ഉൾപ്പെടുത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പരാതികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്. തീരദേശ ഫണ്ട് ദുരുപയോഗം ചെയ്തുനടത്തിയ വൻ അഴിമതി തുടക്കത്തിൽത്തന്നെ കണ്ടെത്തിയിട്ടും നടപടി സ്വീകരിക്കാതെ മൂടിവയ്ക്കാൻ ഹാർബർ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം.ഗുരുതര ക്രമക്കേട് കണ്ടെത്തിയ റോഡിന്റെ നിർമാണത്തിന് നേതൃത്വം നൽകിയ അസിസ്റ്റന്റ് എൻജിനീയറെ മന്ത്രിയായിരിക്കെ എം.ബി.രാജേഷ് ആദരിച്ചപ്പോൾ.

