മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സപ്പിഴവെന്ന ആരോപണവുമായി രോഗിയുടെ കുടുംബം. ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ മെഡിക്കൽ ഓഫിസർക്കു പരാതി നൽകി. ശസ്ത്രക്രിയയ്ക്കിടെ 73 വയസ്സുകാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞെന്നാണ് പരാതി. ഈ മാസം 12ന് കോളജിലെ ഓർത്തോ വിഭാഗത്തിൽ ശസ്ത്രക്രിയയ്ക്കു വിധേയയായ നിലമ്പൂർ ചുങ്കത്തറ മണലി കളരിക്കൽ പാർവതി (73)യുടെ കുടുംബമാണ് പരാതിയുമായി രംഗത്തെത്തിയത്. കാലുവേദനയെ തുടർന്നാണ് പാർവതി കഴിഞ്ഞ ഏപ്രിലിൽ 22ന് മഞ്ചേരി മെഡിക്കൽ കോളജ് ഓർത്തോ വിഭാഗത്തിൽ ചികിത്സ തേടിയത്. തുടർന്നു വിവിധ പരിശോധനകൾ നടത്തി. കാലിന്റെ തുടയെല്ലിന്റെ ബോളിനു തേയ്മാനം ഉണ്ടെന്നും ശസ്ത്രക്രിയയാണ് പരിഹാരമെന്നും ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ 12ന് രാവിലെയാണ് ശസ്ത്രക്രിയ നടത്തിയത്. നാലു മണിക്കൂറിനു ശേഷം തീവ്രപരിചരണ വിഭാഗത്തിലേക്കും തുടർന്നു വാർഡിലേക്കും മാറ്റി. നാലു മണിക്കൂറിനു ശേഷം എക്സ്‌റേ എടുത്തു. കുഴപ്പമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
എന്നാൽ രാത്രി ഒൻപതോടെ കാലിന്റെ നിറത്തിനു മാറ്റംവരികയും തണുപ്പ് അനുഭവപ്പെടുകയും ചെയ്തതോടെ ഡ്യൂട്ടി ഡോക്ടറെ അറിയിച്ചതിനെത്തുടർന്ന് സ്കാനിങ് നിർദേശിച്ചു. സ്കാനിങ് നടത്താൻ ഡോക്ടർമാരില്ലെന്നും സ്ഥിതി ഗുരുതരമായതിനാൽ എത്രയും പെട്ടെന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട്ടെ അത്യാഹിത വിഭാഗത്തിലെ ഓർത്തോ ഡോക്ടർ പരിശോധിച്ചപ്പോഴാണ് കാലിലെ ഞരമ്പ് മുറിഞ്ഞതു കണ്ടെത്തിയത്. ശസ്ത്രക്രിയയിൽ കാലിന്റെ രക്തക്കുഴലിലെ ഒന്നിലേറെ ഞരമ്പുകൾക്കു മുറിവു പറ്റിയിട്ടുണ്ടെന്നും ഇതുമൂലം രക്തസ്രാവം ഉണ്ടായതാണു നിറം മാറാൻ കാരണമെന്നും ഡോക്ടർമാർ പറഞ്ഞു. കാലിന്റെ ചലനശേഷി 95 ശതമാനം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പൂർവസ്ഥിതിയിലാകുമെന്നു പറയാൻ കഴിയില്ലെന്നുമാണ് ഇവിടെനിന്ന് അറിയിച്ചത്. ശസ്ത്രക്രിയയ്ക്കു മുൻപ് ആരോഗ്യവതിയായിരുന്നു പാർവതിയെന്നു കുടുംബം ഡിഎംഒയ്ക്കു നൽകിയ പരാതിയിൽ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മൂന്ന് ശസ്ത്രക്രിയ നടത്തിയെങ്കിലും പുരോഗതിയില്ല. മൂന്നു ലക്ഷം ഇതിനകം ചെലവഴിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് റിപ്പോർട്ട് തന്നില്ലെന്നും റഫറൽ കത്തു മാത്രമാണ് നൽകിയതെന്നും പരാതിയിൽ പറയുന്നു. പേരമകൻ കെ.ആർ.രാഹുലാണ് ഡിഎംഒയ്ക്കു പരാതി നൽകിയിരിക്കുന്നത്.
ആരോപണം നിഷേധിച്ച് അധികൃതർ
മഞ്ചേരി ∙ ഓർത്തോ വിഭാഗത്തിൽ ചികിത്സപ്പിഴവ് സംഭവിച്ചെന്ന ആരോപണം നിഷേധിച്ച് മഞ്ചേരി മെഡിക്കൽ കോളജ് സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫിസർക്കു റിപ്പോർട്ട് നൽകി. വലത്തേ ഇടുപ്പിനാണ് ശസ്ത്രക്രിയ ചെയ്തത്. അതിന്റെ ആവശ്യകതയും ഭവിഷ്യത്തുകളും ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കിയാണ് ശസ്ത്രക്രിയ ചെയ്തത്. ഇതിനു സമ്മതപത്രം ഒപ്പിട്ടുനൽകുകയും ചെയ്തു. ശസ്ത്രക്രിയയ്ക്കിടെ സങ്കീർണതകളൊന്നുമുണ്ടായില്ല. പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയുവിൽ മൂന്ന് മണിക്കൂർ നിരീക്ഷിച്ച ശേഷമാണ് രോഗിയെ റൂമിലേക്കു മാറ്റിയത്. വാർഡ് പരിശോധനയിലെ കണ്ടെത്തലിനെത്തുടർന്ന് വാസ്കുലർ സർജന്റെ സേവനത്തിനായാണ് കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റിയത്. മനഃപൂർവമായ പിഴവ് സംഭവിച്ചിട്ടില്ലെന്നു പരിശോധനയിൽ വ്യക്തമായെന്നും സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

