Breaking
Sat. Jul 25th, 2026

തകരാറിലായ കാർ വീടിനു മുൻവശത്തെ റോഡരികിലിട്ടു; ആക്രിവിലയ്ക്ക് വിറ്റ് 21 കാരൻ

എടപ്പാൾ :തകരാറിലായിക്കിടന്നിരുന്ന കാർ ഉടമ അറിയാതെ ആക്രിക്കച്ചവടക്കാർക്ക് വിൽപന നടത്തിയതു വട്ടംകുളത്ത് നാടകീയ രംഗങ്ങൾക്ക് ഇടയാക്കി. വട്ടംകുളം സ്വദേശി പരീച്ചി സിദ്ദീഖിന്റെ കാർ തകരാറിലായതിനെത്തുടർന്ന് വർഷങ്ങളായി വീടിനു മുൻവശത്തെ റോഡരികിൽ നിർത്തിയിട്ടിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ആറരയോടെ ഒരു സംഘം ലോറിയും മണ്ണുമാന്തി യന്ത്രവുമായെത്തി കാർ ലോറിയിൽ കയറ്റി ക്കൊണ്ടുപോകാനുള്ള ശ്രമം ആരംഭിച്ചു. ഇതുകണ്ട സിദ്ദീഖിന്റെ ഭാര്യ കാര്യം അന്വേഷിച്ചു. പട്ടാമ്പിയിലെ സ്ക്രാപ് സാമഗ്രികൾ വാങ്ങുന്ന സ്ഥാപനം നടത്തുന്നവരാണ് തങ്ങളെന്നും ഈ കാറിന് പഴയ സാധനങ്ങളുടെ തുക നൽകി കച്ചവടം ഉറപ്പിച്ചതാണെന്നും അവർ അറിയിച്ചു. ഇതിനിടെ സിദ്ദീഖും സ്ഥലത്തെത്തി. വാഹനം തങ്ങളുടേതാണെന്നും ആർക്കും വിൽപന നടത്തിയിട്ടില്ലെന്നും സിദ്ദീഖ് പറഞ്ഞു. വിവരമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടി. ഒട‌ുവി‍ൽ ചങ്ങരംകുളം പൊലീസിൽ വിവരമറിയിച്ചു.

പൊലീസ് എത്തി സംഘത്തെ ചോദ്യം ചെയ്തു. പടി‍ഞ്ഞാറങ്ങാടിയിലുള്ള 21 വയസ്സുകാരൻ വഴിയരികിൽ കിടക്കുന്നത് തന്റെ വാഹനമാണെന്നും വിൽപന നടത്താൻ താൽപര്യമുണ്ടെന്നും കച്ചവടക്കാരെ അറിയിക്കുകയായിരുന്നു. അയാൾ സ്ഥലത്തെത്തി വാഹനം കാണിച്ചു കൊടുക്കുകയും ചെയ്തു, കച്ചവടം ഉറപ്പിച്ച ശേഷം പണവും കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കൊണ്ടുപോകാനായി സംഘം എത്തിയത്. ഒടുവിൽ പൊലീസ് അവരുമായി പടിഞ്ഞാറങ്ങാടിയിലേക്ക് തിരിച്ചു. യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്തായത്. യുവാവിനെ കസ്റ്റഡിയിലെടുത്ത് ചങ്ങരംകുളം സ്റ്റേഷനിൽ എത്തിച്ചെങ്കിലും മധ്യസ്ഥ ചർച്ചയിൽ തുക തിരികെ നൽകാമെന്നും കാർ വാഹനത്തിൽ കയറ്റുമ്പോൾ ഉണ്ടായ തകരാറുകൾ പരിഹരിച്ചു നൽകാമെന്നും അറിയിച്ചതിനെത്തുടർന്ന് കേസെടുക്കാതെ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു.

Related Post

Leave a Reply

Your email address will not be published. Required fields are marked *