Breaking
Thu. Jun 11th, 2026

എടപ്പാൾ: ഫുട്ബോൾ ലോകകപ്പിനെ വരവേറ്റുകൊണ്ട് മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (CWC) ആഭിമുഖ്യത്തിൽ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിലെയും, എൻട്രി ഹോമിലെയും കുട്ടികൾക്കായി തവനൂരിലെ ഗവൺമെൻറ് ചിൽഡ്രൻസ് ടർഫ് കോർട്ടിൽ വച്ച് ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. കുട്ടികളിൽ ഫുട്ബോളിനോടുള്ള ആഭിമുഖ്യം വളർത്തുന്നതിനും കായികമനോഭാവം പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മയും ആത്മവിശ്വാസവും വർധിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച പരിപാടി ആവേശകരമായ കായികോത്സവമായി മാറി.

മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അരീക്കാടൻ മമ്മു മാസ്റ്റർ ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സമഗ്ര വളർച്ചയിൽ കായികപ്രവർത്തനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും, ബാലസംരക്ഷണ സ്ഥാപനങ്ങളിൽ കഴിയുന്ന കുട്ടികൾക്ക് സന്തോഷവും ഉന്മേഷവും പകരുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തിൽ കുട്ടികൾ വലിയ ആവേശത്തോടെയാണ് പങ്കെടുത്തത്. ഓരോ ഗോളും കൈയടികളോടെയും ആർപ്പുവിളികളോടെയും സ്വീകരിക്കപ്പെട്ടപ്പോൾ മൈതാനം ലോകകപ്പ് വേദിയെ അനുസ്മരിപ്പിക്കുന്ന ആവേശത്തിലായി. മത്സരത്തിന് ഹരം പകർന്നുകൊണ്ട് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങളും, ഹോം ജീവനക്കാരും, റെസ്ക്യൂ ഹോമിലെ അന്തേവാസികളും കുട്ടികൾക്കൊപ്പം പങ്കാളികളായി.

CWC അംഗം അഡ്വ. എ. സതീഷ്, ചിൽഡ്രൻസ് ഹോം ജീവനക്കാരായ പി. ടി. ശിഹാബ്, ഹബീബ്, അർജുൻ, സൈനബി, റെസ്ക്യൂ ഹോം ജീവനക്കാരായ അമീറ, ആതിര എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
ബാലസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികളുടെ മാനസികോല്ലാസവും സാമൂഹിക വികസനവും ലക്ഷ്യമിട്ട് “ഹാപ്പി ഹോം” ആശയത്തിന്റെ ഭാഗമായി വിവിധ കായിക-സാംസ്കാരിക പരിപാടികൾ ജില്ലയിൽ സംഘടിപ്പിച്ചു വരികയാണെന്ന് സംഘാടകർ അറിയിച്ചു.

കുട്ടികളിൽ ഫുട്ബോൾ സംസ്കാരവും കായികബോധവും വളർത്തുക, സ്പോർട്സ്മാൻ സ്പിരിറ്റ് പ്രോത്സാഹിപ്പിക്കുക, പരസ്പര സഹകരണവും സൗഹൃദവും ശക്തിപ്പെടുത്തുക, സ്ഥാപനാന്തരീക്ഷത്തിൽ കഴിയുന്ന കുട്ടികളിൽ സന്തോഷവും ആത്മവിശ്വാസവും വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിൽ വിജയവും പരാജയവും ഒരുപോലെ ഉൾക്കൊള്ളാനും നിയമങ്ങൾ പാലിക്കാനും ടീം സ്പിരിറ്റോടെ പ്രവർത്തിക്കാനുമുള്ള സന്ദേശവും കുട്ടികൾക്ക് നൽകാനായി.

മത്സരത്തിന്റെ അവസാനം എല്ലാ കുട്ടികൾക്കും മിഠായി വിതരണം ചെയ്യുകയും കുട്ടികളെയും അഭിനന്ദിക്കുകയും അവരുടെ കായികതാത്പര്യം തുടർന്നും പ്രോത്സാഹിപ്പിക്കുമെന്ന് അധികൃതർ ഉറപ്പുനൽകുകയും ചെയ്തു. കുട്ടികളുടെ മുഖത്തെ പുഞ്ചിരിയും ആവേശവും പരിപാടിയുടെ ഏറ്റവും വലിയ വിജയമായി.

Related Post

Leave a Reply

Your email address will not be published. Required fields are marked *