Breaking
Wed. Jun 17th, 2026

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടർന്ന് ഒരു മരണം കൂടി. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ ഏഴു വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് ആണ് തിങ്കളാഴ്ച മരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആർജവിനെ പനി, കടുത്ത വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് വഷളാവുകയും രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഷിഗെല്ല രോഗം ബാധിച്ച് ചികിത്സയിലുള്ള ഒരു വയസ്സുകാരന്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്.

ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് 135 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇതിൽ 68 പേർക്കും രോഗം റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്. ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മലപ്പുറം തിരൂരങ്ങാടിയിലെ ഒരു ഇളനീർ പാർലർ ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ കഴിഞ്ഞ ദിവസം അടപ്പിച്ചിരുന്നു. രണ്ടാഴ്ച മുൻപ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷൽ സ്ക്വാഡ് ഈ കടയിൽ നിന്ന് ശേഖരിച്ച വെള്ളത്തിന്റെ സാംപിൾ പരിശോധിച്ചപ്പോൾ അപകടകരമായ രീതിയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് ഇളനീർ പാർലർ അധികൃതർ അടപ്പിച്ചത്.

മലപ്പുറം സ്വദേശിയായ എഴു വയസ്സുകാരൻ ഷിഗെല്ല രോഗം ബാധിച്ച് മരിച്ച പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ മലപ്പുറം ജില്ലയിലുടനീളം കർശനമായ പരിശോധനകൾ തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ മാസം ഒൻപതിന് മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശി സരോജിനി(59), ജൂൺ ആറിന് കോഴിക്കോട് വള്ളിൽകടവ് സ്വദേശി നിള(4), മാർച്ച് മാസത്തിൽ കോഴിക്കോട് പെരുവയൽ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ മൂന്നു വയസ്സുകാരി എന്നിവരാണ് ഈ വർഷം ഇതുവരെ ഷിഗെല്ല രോഗം ബാധിച്ചു മരിച്ചത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *