Breaking
Wed. Jun 17th, 2026

പൊന്നാനി :വിജിലൻസും ധനവകുപ്പും വൻക്രമക്കേട് കണ്ടെത്തിയ റോഡ് നിർമാണ കരാറുകാരന് വീണ്ടും 4 കോടി രൂപയുടെ നിർമാണ കരാറുകൾ നൽകി ഹാർബർ എൻജിനീയറിങ് വകുപ്പ്. തീരദേശ റോഡ് വികസന ഫണ്ട് ഉപയോഗിച്ച് പാലക്കാട് പാലത്തറ–കൊടുമുണ്ട റോഡ് നിർമിച്ച കരാറുകാരനാണ് വീണ്ടും ഹാർബർ വകുപ്പ് വിവിധ നിർമാണ കരാറുകൾ നൽകിയത്.പാലത്തറ–കൊടുമുണ്ട റോഡിന് കരാറിൽ നിർദേശിച്ച പകുതി കനം പോലുമില്ലെന്ന് ധനവകുപ്പും വിജിലൻസും കണ്ടെത്തിയിരുന്നു. വകുപ്പിൽനിന്ന് അധികമായി കരാറുകാരൻ കൈപ്പറ്റിയ തുക തിരികെപ്പിടിക്കാൻ വകുപ്പുതന്നെ തീരുമാനിച്ച ഉത്തരവുകളും പൂഴ്ത്തിവച്ചാണ് ഇൗ കരാറുകാരന് നാലു കോടി രൂപ വരുന്ന വിവിധ കരാറുകൾ നൽകിയത്.

തീരദേശ റോഡ് വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിലെ ക്രമക്കേടുകളും ടെൻഡർ ഘട്ടങ്ങളിലെ വീഴ്ചകളും പുറത്തു കൊണ്ടുവന്നതിനെ തുടർന്നാണ് സംസ്ഥാന ധനവകുപ്പും പാലക്കാട് വിജിലൻസ് സംഘവും റോഡിൽ പരിശോധന നടത്തിയത്. പ്രാഥമിക പരിശോധന യിൽ ഗുരുതര ക്രമക്കേടുകൾ ബോധ്യപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി തുടരന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്. 2 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോഡിന് 56% കനം കുറവുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തിയിരുന്നത്. റോഡിന്റെ ഇരുഭാഗത്തും കോൺക്രീറ്റ് ചെയ്തതിൽ 40% കനം കുറവും കണ്ടെത്തി. റോഡിൽ നേരിട്ട് ധനവകുപ്പ് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ 20 ദിവസത്തിനകം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും കരാറുകാരനിൽ നിന്ന് നഷ്ടം ഇൗടാക്കാനും ഒരു വർഷം മുൻപ് ധനവകുപ്പ് ആവശ്യപ്പെട്ടിരുന്നതാണ്. പൊന്നാനി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഇൗ റിപ്പോർട്ടിനുമേൽ നടപടി സ്വീകരിച്ചിട്ടില്ല.

ടെൻഡർ നൽകിയത് വിവാദ ഉദ്യോഗസ്ഥൻ
അഴിമതി നടത്തിയ കരാറുകാരന് പുതിയ ടെൻഡർ നൽകിയത് റോഡിലെ അഴിമതി വെള്ള പൂശാൻ ശ്രമിച്ച ഉദ്യോഗസ്ഥൻ. പാലത്തറ–കൊടുമുണ്ട റോഡിൽ ധനവകുപ്പ് ഗുരുതര ക്രമക്കേട് കണ്ടെത്തിയതിനു പിന്നാലെ ഹാർബർ ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയറുടെ നേതൃത്വ ത്തിൽ ഇതേ റോഡിൽ മറ്റൊരു പരിശോധന നടത്തി അഴിമതിയെ വെള്ളപൂശാൻ ശ്രമിച്ചിരുന്നു. മറ്റൊരു ഉത്തരവുമില്ലാതെ സ്വയം പരിശോധനയ്ക്കിറങ്ങി അഴിമതി വെള്ളപൂശാൻ റിപ്പോർട്ടു ണ്ടാക്കിയ ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ് അതേ കരാറുകാരനു വേണ്ടി വൻതുക യുടെ കരാറുകൾ നൽകിയിരിക്കുന്നത്. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താനുള്ള നടപടി സ്വീകരിക്കുന്നതിനു പകരമാണ് ഈ വഴിവിട്ട നീക്കം നടത്തിയിരിക്കുന്നത്.

Related Post

Leave a Reply

Your email address will not be published. Required fields are marked *