Breaking
Tue. Jun 23rd, 2026

മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ രണ്ടാം പ്ലസ് വൺ അലോട്ട്മെന്റിന് ശേഷവും സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്നു. മൂന്ന് ജില്ലകളിലുമായി 88,000ത്തിലധികം വിദ്യാർഥികളാണ് ശേഷിക്കുന്ന 31,000ത്തോളം സീറ്റുകൾക്കായി കാത്തിരിക്കുന്നത്.

ഏറ്റവും ഗുരുതര സ്ഥിതിയാണ് മലപ്പുറത്തുള്ളത്. ജില്ലയിലെ 57,855 പ്ലസ് വൺ സീറ്റുകൾക്കായി ഈ വർഷം 82,753 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാം അലോട്ട്മെന്റിന് ശേഷം 39,748 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. ബാക്കിയുള്ള 18,107 സീറ്റുകൾക്കായി 43,005 വിദ്യാർഥികൾ ഇപ്പോഴും കാത്തിരിക്കുകയാണ്.

പാലക്കാട്ട് 27,474 സീറ്റുകൾക്കായി 44,147 അപേക്ഷകളാണ് ലഭിച്ചത്. രണ്ടാം അലോട്ട്മെന്റിന് ശേഷം 22,069 പേർക്ക് പ്രവേശനം ലഭിച്ചപ്പോൾ 5,405 സീറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. എന്നാൽ പ്രവേശനം ലഭിക്കാനുള്ളത് 22,078 വിദ്യാർഥികൾക്കാണ്.

കോഴിക്കോട് ജില്ലയിലും സ്ഥിതി വ്യത്യസ്തമല്ല. 31,581 സീറ്റുകൾക്കായി 47,049 അപേക്ഷകരാണ് ഉണ്ടായിരുന്നത്. രണ്ടാം അലോട്ട്മെന്റിന് ശേഷം 23,307 പേർക്ക് പ്രവേശനം ലഭിച്ചു. ശേഷിക്കുന്ന 8,274 സീറ്റുകൾക്കായി 23,742 വിദ്യാർഥികളാണ് മത്സരിക്കുന്നത്.

കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലും സീറ്റ് ക്ഷാമം തുടരുന്നുണ്ട്. അധിക ബാച്ചുകളും അടിസ്ഥാന സൗകര്യങ്ങളും അനുവദിക്കണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐയും ഫ്രറ്റേണിറ്റി മൂവ്മെന്റും ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധം ശക്തമാക്കി.

മലപ്പുറത്ത് മാത്രം 18,000ഓളം വിദ്യാർഥികൾക്ക് പ്ലസ് വൺ പ്രവേശനം നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് നയീം ഗഫൂർ പറഞ്ഞു. അധിക ബാച്ചുകൾ അനുവദിച്ചാലും ക്ലാസ് മുറികളും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്ന് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Related Post

Leave a Reply

Your email address will not be published. Required fields are marked *