Breaking
Mon. Aug 10th, 2026

മികച്ച തേനീച്ച കർഷകനായി അനീഷ്; പഴവർഗ സംസ്കരണത്തിന് പുരസ്കാരം നേടി ജസ്ക്രഷ് സ്റ്റാർട്ടപ്

വണ്ടൂർ : സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ വണ്ടൂർ ബ്ലോക്കിനു ‘ഇരട്ട നേട്ടം’. സംസ്ഥാനത്തെ മികച്ച തേനീച്ച കർഷകനുള്ള പുരസ്കാരം വണ്ടൂർ കൃഷിഭവൻ പരിധിയിലെ കാപ്പിൽ സ്വദേശി കെ.പി.അനീഷിനും പഴവർഗ സംസ്കരണം, മൂല്യവർധിത ഉൽപന്നനിർമാണം എന്നിവയ്ക്കുള്ള പുരസ്കാരം തിരുവാലി കൃഷിഭവൻ പരിധിയിലെ ജസ്ക്രഷ് സ്റ്റാർട്ടപ് യൂണിറ്റിനും ലഭിച്ചു. ഒരു ലക്ഷം രൂപയാണു പുരസ്കാരം. വണ്ടൂർ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ കെ.അഞ്ജലി, വണ്ടൂർ കൃഷി ഓഫിസർ ഉമ്മർ കോയ, തിരുവാലി കൃഷി ഓഫിസർ പി.കെ.സബ്ന, കൃഷി ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും പുരസ്കാരങ്ങൾ വണ്ടൂരിലെത്തിച്ചു.

14 വയസ്സു മുതൽ തേനീച്ചക്കൃഷി തുടങ്ങിയതാണ് കാപ്പിൽ കുന്നംപള്ളി അനീഷ് (47). ഇടക്കാലത്തു ടാപ്പിങ് തൊഴിലാളിയായെങ്കിലും പിന്നീടു മുഴുവൻ സമയ തേനീച്ചക്കർഷകനായി. തേനീച്ച വളർത്തലിനും തേൻവിൽപനയ്ക്കും പുറമേ പെട്ടികൾ നിർമിച്ചു വിപണനം നടത്തുകയും കർഷകർക്കു പരിശീലനം നൽകുകയും ചെയ്യുന്നു. പാട്ടത്തിനെടുത്ത സ്ഥലങ്ങളിലായി 2500 പെട്ടികളിൽ തേനീച്ച വളർത്തുന്നു. 1000 ചെറുതേനീച്ച പെട്ടികളുമുണ്ട്. കഴിഞ്ഞ വർഷം 25 ടൺ തേനാണ് ഉൽപാദിപ്പിച്ചു വിപണിയിലെത്തിച്ചത്. ചെറുതേനും മെഴുകും ഉൽപാദിപ്പിക്കുന്നു.സംസ്ഥാന ഹോർട്ടികോർപ് ബ്രീഡർ കൂടിയാണ് അനീഷ്. ജില്ലയിലെ മിക്ക കൃഷിഭവനുകളിലും കർഷകർക്കു തേനീച്ചക്കൃഷിയിൽ പരിശീലനം നൽകുന്നു.

തേനീച്ചപ്പെട്ടി നിർമാണ യൂണിറ്റുമുണ്ട്. 18 ജീവനക്കാർക്കു തൊഴിൽ നൽകാനും അനീഷിനു കഴിയുന്നു. ഭാര്യ നിമിഷയും തേനീച്ചക്കൃഷിയിൽ കൂട്ടിനുണ്ട്. മക്കൾ: സായന്ത്, ശിവഗംഗ. വണ്ടൂർ കൃഷി ഓഫിസർ ഉമ്മർകോയയുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണ വലിയ കരുത്തായെന്നു അനീഷ് പറയുന്നു.തിരുവാലിയിൽ യുവസംരംഭകരായ ടി.പി.അലിഫും (46), വി.പി.യാസിൻ അസ്‌ലമും 2018ൽ കോവിഡ് കാലത്തു തുടങ്ങിയ സ്റ്റാർട്ടപ്പ് സംരംഭമാണു ജസ്ക്രഷ് യൂണിറ്റ്. 2 മാസത്തിനുള്ളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. എല്ലാ മേഖലകളും സ്തംഭിച്ചു നിന്നപ്പോ‍ൾ ആത്മവിശ്വാസത്തോടെ ഇവർ മുന്നോട്ടുപോയി. കയറ്റുമതിക്കു ലഭിച്ച ഓർഡറുകൾ തുണയായി. പടിപടിയായി ഉയർന്ന് ഇപ്പോൾ 32.5 കോടി രൂപയുടെ വാർഷിക വിറ്റുവരവുള്ള സ്ഥാപനമായി ജസ്ക്രഷ് മാറി.

കഴിഞ്ഞവർഷം മാത്രം സംസ്ഥാനത്തെ 150 കർഷകരിൽ നിന്നായി 19.68 ടൺ ഇളനീർ സംഭരിച്ചു മൂല്യവർധിത ഉൽപ്പന്നമാക്കി വിപണിയിലെത്തിച്ചു.മാങ്ങ, കൈതച്ചക്ക, സപ്പോട്ട, പേരക്ക, മുന്തിരി, അവക്കാഡോ, പാഷൻ ഫ്രൂട്ട്, സ്ട്രോബറി തുടങ്ങിയ 17 ഇനം പഴവർഗങ്ങൾ പൾപ്പ്, ഐസ്ക്രീം തുടങ്ങിയ മൂല്യവർധിത ഉൽപന്നങ്ങളാക്കി ജസ്ക്രഷ് മാറ്റുന്നു. ഫ്രോസൺ ഫ്രൂട്ട്, സ്മൂത്തി മിക്സ്, ഷുഗർ ലെസ് ഫ്രൂട്ട് പൾപ്പ് തുടങ്ങിയവയും ഉൽപാദിപ്പിക്കുന്നു. കൃഷിഭവന്റെ നിർദേശത്തോടെ യൂണിറ്റിനു സമീപം മാവ്, ഡ്രാഗൺ ഫ്രൂട്ട്, റംബുട്ടാൻ തുടങ്ങിയവ കൃഷി ചെയ്തുവരുന്നു. പ്രാദേശിക കർഷകരുടെ ഉൽപന്നങ്ങളും സംഭരിക്കുന്നു. 40 പേർക്കു നേരിട്ടും നൂറിലേറെ പേർക്കു പരോക്ഷമായും തൊഴിൽ നൽകുന്നു. രാജ്യാന്തര വിപണികളിലും സാന്നിധ്യമുണ്ട്. ‘കർഷകരുടെ കയ്യിൽ നിന്നും ലോകത്തിലേക്ക്’ എന്നതാണ് ജസ്ക്രഷിന്റെ മുദ്രാവാക്യം. അലിഫിന്റെ ഭാര്യ റാനിയയും യാസിൻ അസ്‌ലമിന്റെ ഭാര്യ ഇർഫാനയും ജസ്ക്രഷിന്റെ പ്രവർത്തനങ്ങൾക്കൊപ്പമുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *