Breaking
Mon. Aug 10th, 2026

അപകടത്തിനും തളർത്താനായില്ല; വംശനാശം സംഭവിക്കുന്ന ഔഷധസസ്യ പരിപാലനം വീൽചെയറിലിരുന്ന്

മലപ്പുറം : കോഡൂർ ചെമ്മങ്കടവ് തോരപ്പ മുസ്തഫയ്ക്കു സംസ്ഥാന സർക്കാരിന്റെ ഭിന്നശേഷി കർഷക പുരസ്കാരം. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ ഔഷധ സസ്യങ്ങളെ സംരക്ഷിച്ചു പരിപാലിക്കുകയും കൃഷി അറിവുകൾ പുതിയ തലമുറയ്ക്കു പകർന്നു നൽകുകയും ചെയ്യുന്നു. വാഹനാപകടത്തെ തുടർന്നാണു മുസ്തഫയുടെ ജീവിതം വീൽചെയറിലായത്. പൊന്നാരം പള്ളിയാലിയിലെ ഒരേക്കർ പതിനൊന്ന് സെന്റ് സ്ഥലത്ത് കൃഷിയും ഔഷധ സസ്യത്തോട്ടവുമൊരുക്കി. വീൽചെയറിലിരുന്നാണ് ഇത് പരിപാലിക്കുന്നത്.നബാർഡിന്റെ അംഗീകൃത ഫാം സ്കൂൾ കൂടിയാണ് പൊന്നാരം പള്ളിയാലിലെ ലൈഫ്‌ലൈൻ ഔഷധ സസ്യത്തോട്ടം. അണലി വേഗം, ഏകനായകം, മരമഞ്ഞൾ, നാഗഗന്ധി, സർപ്പഗന്ധി, കരിമഞ്ഞൾ തുടങ്ങിയ മുന്നൂറിലധികം ഔഷധച്ചെടികളാണ് ഇവിടെയുള്ളത്. ഒട്ടേറെ കർഷകർ ഇവിടെ കൃഷി അറിവുകൾ തേടി എത്തുന്നു. കൂടാതെ വിഎച്ച്എസ്ഇ അഗ്രികൾചർ വിഷയമായി എടുത്ത കുട്ടികൾക്ക് ഇവിടെ 13 ദിവസത്തെ ബഡ്ഡിങ്, ഗ്രാഫ്റ്റിങ് അടക്കമുള്ള പരിശീലനം നൽകിവരുന്നുണ്ട്. ആറു വർഷമായി ഇത് മുടങ്ങാതെ നടത്തുന്നുണ്ട്.കൂടാതെ ഒട്ടേറെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കു ഔഷധസസ്യങ്ങൾ നൽകുന്നുണ്ട്. ഇതിനു പുറമേ ഇപ്പോൾ ചെറുകുളമ്പിൽ ഒരേക്കർ സ്ഥലത്ത് 140ൽ അധികം വ്യത്യസ്തങ്ങളായ പഴവർഗങ്ങളുടെ തോട്ടവും മുസ്തഫയ്ക്കുണ്ട്. 12 തരം പ്ലാവുകളും അപൂർവമായ പഴവർഗങ്ങളും ഇവിടെയുണ്ട്. കൃഷിക്കു പുറമേ ഭിന്നശേഷിക്കാർക്കു സഞ്ചരിക്കാനായി 1400ൽ അധികം കാറുകളും മുസ്തഫ രൂപകൽപന ചെയ്തു നൽകിയിട്ടുണ്ട്.

Related Post

Leave a Reply

Your email address will not be published. Required fields are marked *