മലപ്പുറം : ജില്ലയിൽ കഴിഞ്ഞ 3 വർഷമായി മൂന്നിലൊന്ന് കുട്ടികൾക്കും അഞ്ചാം പനിക്കെ തിരായ പ്രതിരോധ കുത്തിവയ്പ് പൂർണമായും എടുക്കുന്നില്ലെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 9–ാം മാസത്തിലും 15–ാം മാസത്തിലുമാണ് (ഒന്നേകാൽ വയസ്സ്) എംആർ വാക്സീൻ നൽകേണ്ടത്. കഴിഞ്ഞ വർഷവും (2025–26) 2023–24ലും 37% കുട്ടികൾക്കും 2 ഡോസുകൾ നൽകിയിട്ടില്ല. 2024–25ലാകട്ടെ 39% കുട്ടികൾക്കാണ് വാക്സീൻ പൂർണമായും നൽകാത്തതെന്നും കണക്ക് വ്യക്ത മാക്കുന്നു.
നിർദിഷ്ട പ്രായമുള്ള കുട്ടികളിൽ 95% പേർക്കും വാക്സീൻ നൽകണമെന്നാണ്ആരോഗ്യവകുപ്പി ന്റെ ലക്ഷ്യം. എന്നാൽ കഴിഞ്ഞ 5 വർഷവും ഇത് സാധിച്ചിട്ടില്ല. 2021–22 കാലത്ത് 91% കുട്ടികൾക്ക് ആദ്യ ഡോസ് നൽകിയതാണ് ഉയർന്ന നേട്ടം. എന്നാൽ ആ വർഷം 79% കുട്ടികൾക്കു മാത്രമേ രണ്ടാം ഡോസ് നൽകാനായുള്ളൂ. 2022–23ൽ 89% ആദ്യ ഡോസും 81% രണ്ടാം ഡോസും എടുത്തു. 2023–24ൽ 88% ആദ്യ ഡോസ് എടുത്തപ്പോൾ രണ്ടാം ഡോസ് വെറും 63% കുട്ടികൾക്കാണ് നൽകിയത്. 2024–25ൽ ആദ്യ ഡോസ് 81% , രണ്ടാം ഡോസ് 61%, 2025–26ൽ ആദ്യ ഡോസ് 80%, രണ്ടാം ഡോസ് 63% എന്നിങ്ങനെയാണ് വാക്സീൻ എടുത്തവരുടെ കണക്ക്.വേങ്ങര, താനൂർ, മലപ്പുറം, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിൽ 40%ൽ ഏറെ കുട്ടികൾക്കാണ് 2 വാക്സീനും നൽകാത്തത്.
വേങ്ങര ബ്ലോക്കിൽ വെറും 52% പേർക്കാണ് 2 വാക്സീനും നൽകിയത്. ജില്ലയിൽ വളവന്നൂർ, കുറ്റിപ്പുറം, വേങ്ങര, പൂക്കോട്ടൂർ മേഖലകളിലാണ് അഞ്ചാംപനി കൂടുതലായി ഇപ്പോൾ പടരുന്നത്. വാക്സീൻ പൂർണമായും എടുക്കാത്തവരിലാണ് രോഗം ഗുരുതരമാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.പ്രതിരോധ കുത്തിവയ്പ്: ജാഗ്രതയില്ലായ്മ രോഗവ്യാപനത്തിന് കാരണം ന്യൂഡൽഹി ∙ പ്രതിരോധ കുത്തിവയ്പുകൾ നൽകുന്നതിലെ ജാഗ്രതയില്ലായ്മ മൂലമുള്ള വിടവുകളാണ് കുട്ടികളിലും കൗമാരക്കാരിലും അഞ്ചാംപനിയുൾപ്പെടെ രോഗങ്ങൾ വ്യാപകമാകുന്നതിനു കാരണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിലയിരുത്തി.
കുത്തിവയ്പിനു വിസമ്മതിക്കുന്നതും വാക്സീൻ ലഭ്യമല്ലാതെ വരുന്നതുമാണ് ഇത്തരം വിടവുകൾ സൃഷ്ടിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഉയർന്ന പ്രതിരോധ കുത്തിവയ്പു നിരക്ക് നിലനിർത്തുമ്പോഴും ഇത്തരം വിടവുകൾ നികത്താനാകുന്നില്ലെന്ന് തെക്കുകിഴക്കൻ ഏഷ്യൻ മേഖലയുടെ ചുമതലയുള്ള ഡോ. നിലേഷ് ബുദ്ധ കുറ്റപ്പെടുത്തി. അഞ്ചാംപനി–റുബെല്ല നിർമാർജനം വേഗത്തിലാക്കുക, രോഗപ്പകർച്ചയ്ക്കുള്ള സാധ്യത കുറയ്ക്കുക, വാക്സീൻ വഴി തടയാവുന്ന രോഗങ്ങൾക്കുള്ള നിരീക്ഷണം തുടരുക എന്നീ നിർദേശങ്ങളും സംഘടന മുന്നോട്ടുവച്ചിട്ടുണ്ട്.

