വാർഡ് തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ നഗരസഭയുടെ തീരുമാനം
പൊന്നാനി: മഴക്കാലജന്യ രോഗങ്ങളും പനിയും വർധിച്ച സാഹചര്യത്തിൽ പൊന്നാനി നഗരസഭ പരിധിയിലെ ആരോഗ്യ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മെഡിക്കൽ വിഭാഗം മേധാവികളുടെ അടിയന്തര യോഗം ചേർന്നു. ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള രോഗികളുടെ കണക്കുകൾ പരിശോധിച്ചപ്പോൾ ഈ ആഴ്ച രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതായി യോഗം വിലയിരുത്തി.
പൊന്നാനി താലൂക്ക് ആശുപത്രി, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആയുർവേദ, ഹോമിയോ സ്ഥാപനങ്ങൾ, ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾ എന്നിവിടങ്ങളിലെ നിലവിലെ സേവനങ്ങളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് യോഗത്തിൽ പ്രധാനമായും അവലോകനം ചെയ്തത്.
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ പനി ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. താലൂക്ക് ആശുപത്രിയിൽ 24 മണിക്കൂറും ഒ.പി. സേവനം ലഭ്യമാണ്. നഗരസഭ പരിധിയിലെ ആറ് ജനകീയാരോഗ്യ കേന്ദ്രങ്ങൾ, ആയുർവേദ ആശുപത്രി, ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും യോഗം വിലയിരുത്തി.
പനിയും പകർച്ചവ്യാധികളും സംബന്ധിച്ച് നേരത്തെ ഉണ്ടായ വർധനവ് ഇപ്പോൾ കുറഞ്ഞുവരുന്നത് ആശ്വാസകരമാണെന്ന് യോഗം വിലയിരുത്തി. എന്നാൽ രോഗവ്യാപനം പൂർണമായി നിയന്ത്രണവിധേയമാകുന്നതുവരെ പ്രതിരോധ പ്രവർത്തനങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും വാർഡ് തലത്തിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും യോഗം തീരുമാനിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ സി.പി. സക്കീർ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷനിൽകുമാർ, റീന പ്രകാശൻ, സൗദാമിനി ടീച്ചർ, ആശുപത്രി സൂപ്രണ്ടുമാരായ സുരേഷ്, മിനി, ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീജ, മെഡിക്കൽ ഓഫീസർമാരായ ഷെമീന, അനൂപ്, പ്രജീഷ എന്നിവർ പങ്കെടുത്തു.
📍 എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

