മലപ്പുറം: ജില്ലയിൽ ഹരിതകർമസേനയുടെ അജൈവ മാലിന്യശേഖരണത്തിൽ ശ്രദ്ധേയമായ പുരോഗതി. മൂന്നുമാസത്തിനിടെ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നുമുള്ള മാലിന്യശേഖരണം 73 ശതമാനത്തിൽനിന്ന് 94 ശതമാനമായി ഉയർന്നു.
യൂസർ ഫീ വരുമാനം 3.54 കോടി രൂപയിൽനിന്ന് 4.67 കോടി രൂപയായി വർധിച്ചു. യൂസർ ഫീ അടയ്ക്കുന്നവരുടെ എണ്ണം 5.91 ലക്ഷത്തിൽനിന്ന് 7.06 ലക്ഷമായും ഉയർന്നു.
ഒരു മാസം ശേഖരിച്ചത് 4,072 ടൺ മാലിന്യം
കഴിഞ്ഞ മാസം ജില്ലയിലെ 94 പഞ്ചായത്തുകളിൽനിന്ന് 3,222 ടണ്ണും 12 നഗരസഭകളിൽനിന്ന് 850 ടണ്ണും ഉൾപ്പെടെ ആകെ 4,072 ടൺ അജൈവ മാലിന്യമാണ് ശേഖരിച്ചത്.
യൂസർ ഫീ പിരിവ് വർധിപ്പിക്കാൻ പ്രത്യേക ക്യാംപയിൻ സംഘടിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളിൽനിന്ന് വിവിധ സേവനങ്ങൾ നൽകുമ്പോൾ യൂസർ ഫീ അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാനും നടപടിയുണ്ടാകും.
613 കേസുകളിൽ നടപടി
കഴിഞ്ഞ മാസം തദ്ദേശസ്ഥാപനങ്ങളിലെ എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ നടത്തിയ 3,614 പരിശോധനകളിൽ 613 കേസുകളിൽ നടപടി സ്വീകരിച്ചു. ഇതിൽ 440 കേസുകളിലായി 18.75 ലക്ഷം രൂപ പിഴ ചുമത്തി. 293 കേസുകളിലായി 8.85 ലക്ഷം രൂപ പിഴ ഈടാക്കി. പിഴ അടയ്ക്കാത്തവർക്കെതിരെ തുടർനിയമനടപടികൾ സ്വീകരിക്കും.
ഹരിതമിത്രം സേവനങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ ബ്ലോക്ക് തലത്തിൽ ഉദ്യോഗസ്ഥരുടെ അവലോകനയോഗങ്ങളും ചേർന്നു. മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശസ്ഥാപനങ്ങളെ പുരസ്കാരം നൽകി ആദരിക്കുകയും ചെയ്തു.
എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ

