മലപ്പുറം: ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ വർഷങ്ങളായി കൂട്ടിയിട്ട തൊണ്ടിവാഹനങ്ങൾ ലേലം ചെയ്ത് വിറ്റഴിക്കാൻ നടപടി. ജില്ലയിൽ 615 വാഹനങ്ങളാണ് ലേലത്തിനുള്ളത്. ഇതിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായ നിലയിലാണ്.
നിലമ്പൂർ പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങളുള്ളത് — 187 എണ്ണം. തിരൂർ സ്റ്റേഷനിൽ 106 വാഹനങ്ങളുണ്ട്. താനൂരിൽ 51, പാണ്ടിക്കാട് 44, പൊന്നാനിയിൽ 43, കൊളത്തൂരിൽ 31, മലപ്പുറത്ത് 24 എന്നിങ്ങനെയാണ് വാഹനങ്ങളുടെ എണ്ണം.
ലേലപ്പട്ടികയിലുള്ള വാഹനങ്ങളിൽ 372 എണ്ണം ബൈക്കുകളാണ്. കൂടാതെ 51 സ്കൂട്ടറുകൾ, 49 കാറുകൾ, 24 ഓട്ടോറിക്ഷകൾ, 24 ജീപ്പുകൾ, 92 ഹെവി വാഹനങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
രജിസ്ട്രേഷൻ നമ്പർ, എൻജിൻ നമ്പർ, ചേസിസ് നമ്പർ എന്നിവ വ്യക്തമല്ലാത്തതും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചതുമായ വാഹനങ്ങളും പട്ടികയിലുണ്ട്. ഇതിൽ 513 വാഹനങ്ങൾ പൂർണമായി തകർന്ന നിലയിലായതിനാൽ സ്ക്രാപ്പ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
നിശ്ചിത കാലയളവിനുള്ളിൽ ഉടമസ്ഥാവകാശം സംബന്ധിച്ച പരാതികളോ അവകാശവാദങ്ങളോ ലഭിക്കാതിരിക്കുകയും ലഭിക്കുന്ന അവകാശവാദങ്ങൾ പരിശോധിച്ച് മതിയായ രേഖകളില്ലെന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലേലനടപടികൾ പുരോഗമിക്കുക.

