പൊന്നാനി: വർഷങ്ങളായി നാട്ടുകാർ കാത്തിരുന്ന കടവനാട് സൊസൈറ്റിപ്പാലം യാഥാർഥ്യമാകുന്നതിലേക്ക്. പൊന്നാനി നഗരസഭയുടെ ഇടപെടലിനെത്തുടർന്ന് പാലം നിർമാണത്തിനുള്ള നടപടികൾക്ക് വീണ്ടും വേഗം കൈവരുന്നു.
പാലവും റോഡും നിർമിക്കുന്നതിനായി പി. നന്ദകുമാർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ അനുവദിക്കുകയും ടെൻഡർ നടപടികൾ പൂർത്തിയാക്കുകയും ചെയ്തിരുന്നു. എന്നാൽ, റോഡ് വികസനത്തിനാവശ്യമായ സ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക തടസ്സങ്ങൾ നേരിട്ടു.
കയർ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള 1.80 സെന്റ് സ്ഥലം റോഡ് വികസനത്തിനായി വിട്ടുനൽകുമ്പോൾ പുഴയോടും തോടിനോടും ചേർന്നുള്ള അതിരുകൾ കരിങ്കല്ല് കെട്ടി സംരക്ഷിക്കണമെന്ന ആവശ്യം കയർ പ്രോജക്ട് ഓഫീസർ നഗരസഭയെ അറിയിച്ചിരുന്നു.
നാട്ടുകാരുടെ ദീർഘകാല ആവശ്യത്തിന് പരിഹാരം കാണുന്നതിനായി സ്ഥലം ഏറ്റെടുക്കുന്നതിനും സംരക്ഷണഭിത്തി നിർമിക്കുന്നതിനും പൊന്നാനി നഗരസഭ തീരുമാനിച്ചു. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭാ കൗൺസിൽ ഇതിനുള്ള അംഗീകാരവും നൽകി.
ഇതോടെ സൊസൈറ്റിപ്പാലം നിർമാണത്തിന് തടസ്സമായിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

