കോട്ടക്കൽ: ജില്ലാ അമേച്ചർ തയ്ക്വാൻഡോ കേഡറ്റ് ചാമ്പ്യൻഷിപ്പിൽ പൊന്നാനി എക്സലന്റ് തയ്ക്വാൻഡോ ക്ലബ്ബിന് മികച്ച നേട്ടം. 14 വയസ്സിന് താഴെയുള്ളവർക്കായി കോട്ടക്കൽ നഗരസഭാ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിൽ ക്ലബ്ബ് ഒന്നാം സ്ഥാനം നേടി.
പെൺകുട്ടികളുടെ വിഭാഗത്തിൽ 56 പോയിന്റുമായാണ് പൊന്നാനി എക്സലന്റ് ക്ലബ്ബ് ഒന്നാമതെത്തിയത്. 14 പോയിന്റുമായി വണ്ടൂർ പ്രൈം തയ്ക്വാൻഡോ ക്ലബ്ബ് രണ്ടാം സ്ഥാനവും 12 പോയിന്റുമായി ആലത്തിയൂർ പെർഫെക്ട് തയ്ക്വാൻഡോ ക്ലബ്ബ് മൂന്നാം സ്ഥാനവും നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ പൊന്നാനി എക്സലന്റ് ക്ലബ്ബ് 38 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 25 പോയിന്റുമായി തിരൂർ വെൽക്കം തയ്ക്വാൻഡോ ക്ലബ്ബ് രണ്ടാം സ്ഥാനവും 15 പോയിന്റുമായി മുടിക്കോട് സാൽവേഷൻ തയ്ക്വാൻഡോ ക്ലബ്ബ് മൂന്നാം സ്ഥാനവും നേടി.
ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിയ താരങ്ങൾക്ക് കാഞ്ഞങ്ങാട്ട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത ലഭിച്ചു.
കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ കെ. അബ്ദുൽഹക്കീം ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. അമേച്ചർ തയ്ക്വാൻഡോ അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് മാസ്റ്റർ ഇ.സി. മുഹമ്മദ് ആഷിക് അധ്യക്ഷനായി. വിജയികൾക്ക് കോട്ടക്കൽ നഗരസഭാ ചെയർമാൻ കെ.കെ. നാസർ സമ്മാനങ്ങൾ വിതരണം ചെയ്തു.

