Breaking
Thu. Oct 29th, 2026

ജോലി വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചെന്ന് പരാതി; വടക്കേക്കാട് സ്വദേശിയടക്കം 8 ഇന്ത്യക്കാർ സൗദി ജയിലിൽ സൗജന്യ ഉംറയും ജോലിയും വാഗ്ദാനം ചെയ്ത് ചതിച്ചെന്ന് ആരോപണം; വധശിക്ഷാ ഭീഷണിയിൽ കുടുംബങ്ങൾ ആശങ്കയിൽ

ഗുരുവായൂർ: സൗദി അറേബ്യയിൽ ജോലി വാഗ്ദാനം ചെയ്ത് ലഹരിക്കടത്തിന് ഉപയോഗിച്ചതായി ആരോപണം. സംഭവത്തിൽ വടക്കേക്കാട് കൊച്ചന്നൂർ സ്വദേശിയായ ഉമർ ഷെരീഫ് ഉൾപ്പെടെ എട്ട് ഇന്ത്യക്കാർ ജിദ്ദയിൽ ജയിലിലാണെന്നാണ് റിപ്പോർട്ട്. സൗദി നിയമപ്രകാരം വധശിക്ഷ ലഭിക്കാവുന്ന കേസാണെന്നതിനാൽ കുടുംബങ്ങൾ ആശങ്കയിലാണ്.

കൊച്ചന്നൂർ മുതുവുമ്മൽ ഉമർ ഷെരീഫ്, പശ്ചിമ ബംഗാൾ സ്വദേശികളായ എസ്.കെ. കമാൽ, കഫിജുൽ ഷെയ്ഖ്, അബ്രഹാം ഷെയ്ഖ്, സൗദിൻ ഷെയ്ഖ്, നാസിമുദ്ദീൻ അബ്ദുൽ ബാരി, അജീഗുൽ ഗാസി, ജാഹിർ ഉദ്ദീൻ ഷെയ്ഖ് എന്നിവരാണ് ജയിലിലുള്ളത്.

ജോലിയും സൗജന്യ ഉംറയും വാഗ്ദാനം ചെയ്ത് സന്ദർശക വിസയിൽ സൗദിയിലെത്തിച്ചെന്നാണ് കുടുംബത്തിന്റെ ആരോപണം. മൂന്നുമാസത്തിനുശേഷം മടങ്ങാമെന്നും പിന്നീട് സ്ഥിരം വിസ ശരിയാക്കാമെന്നും വിശ്വസിപ്പിച്ചതായും പറയുന്നു. കൊച്ചന്നൂർ സ്വദേശിയായ ആഷിക്കും മലപ്പുറം സ്വദേശിയായ അലിയും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

പലസ്തീൻ, സുഡാൻ എന്നിവിടങ്ങളിലെ കുട്ടികൾക്കുള്ള മധുരപലഹാരങ്ങൾ, ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ എന്നിവയാണെന്ന് പറഞ്ഞ് കടലാസ് പെട്ടികളിൽ നിരോധിത ലഹരിവസ്തുക്കൾ കൈമാറിയെന്നാണ് റിപ്പോർട്ട്. 2026 ഓഗസ്റ്റ് 10ന് കോയമ്പത്തൂർ വഴി ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെത്തിയ സംഘത്തിൽനിന്ന് നിരോധിത പ്രിഗബാലിൻ മരുന്നുകൾ പിടിച്ചെടുത്തതായും വാർത്തയിൽ പറയുന്നു.

ജിദ്ദയിലെ നാലാം സംയുക്ത ജുഡീഷ്യൽ കോടതിയുടെ പരിഗണനയിലുള്ള കേസ് ബംഗാളി പരിഭാഷകനെ ലഭിക്കാത്തതിനാൽ മാറ്റിവെച്ചിരുന്നു. സൗദി ആന്റി നാർക്കോട്ടിക് നിയമപ്രകാരം പ്രതികൾക്ക് വധശിക്ഷയും ഓരോരുത്തർക്കും വലിയ തുക പിഴയും നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. കേസിൽ അന്തിമവിധി വന്നതായി വിവരമില്ല.

ഉമർ ഷെരീഫിന്റെ കുടുംബം മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി ഇടപെടൽ തേടിയിരിക്കുകയാണ്.

എന്റെ പൊന്നാനി | പ്രാദേശിക വാർത്തകൾ
📲 വാർത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം:

Related Post

Leave a Reply

Your email address will not be published. Required fields are marked *

You Missed