മാറഞ്ചേരി :പഞ്ചായത്തിലെ ചേലക്കടവ് പ്രദേശത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള തണ്ണീർത്തട വിനോദവിജ്ഞാന കേന്ദ്രമായ ‘കോൾ ഓൺ’ പദ്ധതി ഒരുങ്ങുന്നു. തണ്ണീർത്തട സംരക്ഷണം, ജൈവവൈവിധ്യ പഠനം, ആധുനിക ശാസ്ത്രവിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
പ്ലാനറ്റേറിയം, ത്രിമാന ഹോളോഗ്രാം അനുഭവപഠന കേന്ദ്രം തുടങ്ങിയ ആധുനിക സൗകര്യങ്ങളും പദ്ധതിയുടെ ഭാഗമാകും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.
ഒന്നാംഘട്ടം: രണ്ടര കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ആദ്യഘട്ടത്തിൽ വയോജന പാർക്ക്, ആംഫി തിയറ്റർ, ഓപ്പൺ ജിം, മൂന്ന് നിലകളുള്ള കോൾ ഓൺ ഡിസ്കവറി സെന്റർ എന്നിവ നിർമിക്കും.
രണ്ടാംഘട്ടം: കുമ്മിപ്പാലത്തേക്കും ഒളമ്പക്കടവിലേക്കും നീളുന്ന രണ്ടര കിലോമീറ്റർ ബണ്ട് നവീകരിച്ച് സൈക്ലിങ് പാതയും നടപ്പാതയും ഒരുക്കും.
മൂന്നാംഘട്ടം: സോളാർ ബോട്ട് സർവീസ്, ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ എന്നിവ നടപ്പാക്കാനും ലക്ഷ്യമിടുന്നു.
പദ്ധതിയുടെ സാധ്യതാ പഠനത്തിനായി കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെടിഡിസി) ഉദ്യോഗസ്ഥസംഘം പ്രദേശം സന്ദർശിച്ചു. പദ്ധതിയുടെ പ്രായോഗികത വിലയിരുത്തുന്നതിനുള്ള തുടർനടപടികൾ ഇതോടെ ആരംഭിച്ചിട്ടുണ്ട്.

