Breaking
Sat. Oct 31st, 2026

സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സ്: ഐഡിയൽ കടകശ്ശേരി തുടർച്ചയായ അഞ്ചാം ഓവറോൾ കിരീടത്തിലേക്ക്; മലപ്പുറം ജില്ല മുന്നിൽ.

സംസ്ഥാന സ്കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് കിരീടത്തിലേക്ക് കുതിച്ച് മലപ്പുറം ജില്ല. നാലുദിവസത്തെ മത്സരങ്ങൾ പിന്നിട്ടപ്പോൾ 168 പോയിന്റുമായി മലപ്പുറം ഒന്നാം സ്ഥാനത്താണ്. 128 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 88 പോയിന്റുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്.

സ്കൂളുകളുടെ വിഭാഗത്തിൽ മലപ്പുറം കടകശ്ശേരി ഐഡിയൽ ഇഎച്ച്എസ്എസ് തുടർച്ചയായ അഞ്ചാം തവണയും ഓവറോൾ കിരീടം ഉറപ്പിച്ചു. 10 സ്വർണവും 10 വെള്ളിയും ഒമ്പത് വെങ്കലവുമടക്കം 88 പോയിന്റാണ് ഐഡിയലിന്റെ സമ്പാദ്യം. സ്പോർട്സ് സ്കൂളുകളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്കൂളും കിരീടം ഉറപ്പിച്ചു.

ജില്ലാ വിഭാഗത്തിൽ 16 സ്വർണവും 20 വെള്ളിയും 16 വെങ്കലവുമടക്കമാണ് മലപ്പുറം 168 പോയിന്റ് നേടിയത്. പാലക്കാടിന് 12 സ്വർണവും 15 വെള്ളിയും 13 വെങ്കലവുമടക്കം 128 പോയിന്റുണ്ട്. അവസാനദിനം നടക്കുന്ന 15 ഇനങ്ങളിൽ പാലക്കാടിന് മുന്നേറ്റം പ്രതീക്ഷിക്കാം.

നാലാംദിനത്തിൽ തിരുവനന്തപുരം ജി.വി. രാജ സ്കൂളിലെ ശ്രീഹരി കരിക്കൻ ജൂനിയർ ആൺകുട്ടികളുടെ 400 മീറ്റർ ഹർഡിൽസിൽ 52.44 സെക്കൻഡിൽ മീറ്റ് റെക്കോഡ് നേടി. ശ്രീഹരിയുടെ രണ്ടാമത്തെ റെക്കോഡാണിത്. ഇതോടെ മീറ്റിലെ റെക്കോഡുകളുടെ എണ്ണം അഞ്ചായി.

കോഴിക്കോട് എൻഐടി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കായികമേളയ്ക്ക് ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സമാപനസമ്മേളനത്തോടെ തിരശ്ശീല വീഴും.

Related Post

Leave a Reply

Your email address will not be published. Required fields are marked *